+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊറന്‍റോ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ "ഇൻഡോർ ഫാൾ കൺസേർട്ട്' 26 ന്

ടൊറന്‍റോ : ഈ വർഷത്തെ ടൊറന്‍റോ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 26 ന് (ശനി) സ്കാർബറോയിലുള്ള ചൈനീസ് കൾച്ചറൽ സെന്‍ററിൽ നടക്കുന്ന ഇൻഡോർ ഫാൾ കൺസേർട്ടോടെ പര്യവസാനിക്കും.ജൂലൈ ഒന്നിന് കാനഡ ഡേ
ടൊറന്‍റോ  ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ
ടൊറന്‍റോ : ഈ വർഷത്തെ ടൊറന്‍റോ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 26 ന് (ശനി) സ്കാർബറോയിലുള്ള ചൈനീസ് കൾച്ചറൽ സെന്‍ററിൽ നടക്കുന്ന ഇൻഡോർ ഫാൾ കൺസേർട്ടോടെ പര്യവസാനിക്കും.

ജൂലൈ ഒന്നിന് കാനഡ ഡേ ആഘോഷങ്ങളോടെ ആൽബർട്ട് കാംബെൽ സ്‌ക്വയറിൽ ആരംഭിച്ച ഫെസ്റ്റിവലിന്‍റെ ഭാഗമായ , ഒരാഴ്ച നീണ്ടുനിന്ന സമ്മർ ഔട്ട് ഡോർ ഫെസ്റ്റിവലിലും നൃത്ത ശിൽപ്പ ശാലകളിലുമായി നൂറു കണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഈ വർഷത്തെ സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ അശ്വതി നായർ ഇന്ത്യയെ പ്രതിനിധീകരിച്ചു ഫെസ്റ്റിവലിൽ പങ്കെടുത്ത് മോഹിനിയാട്ടത്തിൽ ശില്പശാലയും സംഘടിപ്പിച്ചിരുന്നു.

വൈകുന്നേരം 5 നു നടക്കുന്ന ഫാൾ കൺസേർട്ടിൽ 15 രാജ്യങ്ങളിൽ നിന്നുള്ള നൃത്തവൈവിധ്യങ്ങൾ കോർത്തിണക്കി ഒരു മുഴുനീള നൃത്ത വിസ്മയമാണ് കാഴ്ചവയ്ക്കുന്നത് . "ലോകത്തിലുള്ള എല്ലാ ഡാൻസ് ഇനങ്ങളും ഒരേ വേദിയിൽ " എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന ഈ നൃത്തവിരുന്നിന്‌ സാക്ഷ്യം വഹിക്കാൻ മന്ത്രിമാർ, എംപിമാർ, എംപിപിമാർ തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ ഫെസ്റ്റിവലിൽ പങ്കെടുക്കും.

ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് ഡാൻസ് അവതരിപ്പിക്കുന്നത് മലയാളി ഇരട്ട സഹോദരങ്ങളായ ലിന്‍റോ മാത്യുവും ലിജോ മാത്യുവും നേതൃത്വം നൽകുന്ന ഡെലീഷ്യസ് ഡാൻസ് അക്കാദമിയാണ് .

Dance for JOY (Just Older Youth ) എന്ന സീനിയർസ് പ്രോജക്ടിന്‍റെ ഭാഗമായി ഈ വർഷത്തെ ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തനങ്ങൾ മുഴുവൻ നടത്തുന്നത് സീനിയേഴ്സ് ആണ് എന്നതാണ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ പ്രത്യേകത.ഡാൻസിംഗ് ഡാംസൽസ് ഡയറക്‌ടർ ഗീതാ ശങ്കരന്‍റെ നേതൃത്വത്തിലാണ് സീനിയേഴ്സ് ഈ പ്രോജക്റ്റിന് ചുക്കാൻ പിടിക്കുന്നത്.

റീമാക്സ് റിയൽറ്റിയിലെ മനോജ് കരാത്തയാണ് ഡാൻസ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള ഗ്രാൻഡ് സ്പോൺസർ. ഇത്തവണ മേനോൻ ലോ ഓഫീസിനുവേണ്ടി അഡ്വ. ലതാ മേനോനും സ്പോൺസറായി രംഗത്തുണ്ട് .

"ഡാൻസ്' എന്ന ക്ലൂ വുമായി ഒരു നിധി വേട്ടക്ക് ലോകപര്യവേക്ഷണം നടത്തുന്ന ഇൻഡിയാന ജോൺസിനെയും തന്‍റെ യാത്രക്കിടയിൽ വിവിധ രാജ്യങ്ങളിൽ അദ്ദേഹം കണ്ടുമുട്ടുന്ന വിവിധതരം ഡാൻസർമാരെയും കഥാപാത്രങ്ങളാക്കി നർമത്തിൽ ചാലിച്ച നാടകാവിഷ്കാരത്തോടെയാണ് ഈ വർഷത്തെ ഡാൻസ് ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്. എലിയറ്റ് റോസൻബെർഗ് തിരക്കഥയും സംഭാഷണവും നിർവഹിക്കുമ്പോൾ, ഇൻഡിയാന ജോൺസായി ടൊറന്‍റോയിലെ അറിയപ്പെടുന്ന കൊമേഡിയൻ ജസ്റ്റിൻ ഡി. എയ്ഞ്ചലോ വേഷമിടുന്നു.

റിപ്പോർട്ട്:ജയ്സൺ മാത്യു

പുതിയ അവതരണ രീതികൊണ്ട് എന്നും ശ്രദ്ധേയമായ നൃത്ത വിരുന്ന് ഒരുക്കുന്ന ഡാൻസിംഗ് ഡാംസലിന്റെ ആറാമത് ഡാൻസ് ഫെസ്റ്റിവലാണ് ശനിയാഴ്ച അരങ്ങേറുന്നത്. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും അവരുടെ ഔദ്യഗീക വെബ്‌സൈറ്റായ www.ddshows.com സന്ദർശിക്കുക.

വിവരങ്ങൾക്ക്: മേരി അശോക് 416.788.6412, ഗീതാ ശങ്കരൻ 647.385.9657, മിഥുൽ കടാക്കിയ 647.344.5566.