വേൾഡ് മലയാളി കൗണ്‍സിൽ റഷ്യൻ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു

09:59 PM Oct 21, 2019 | Deepika.com
മോസ്കോ: ഓൾ മോസ്കോ മലയാളി അസോസിയേഷനുമായി ചേർന്ന് രൂപീകരിച്ച വേൾഡ് മലയാളി കൗണ്‍സിൽ (ഡബ്ല്യുഎംസി) റഷ്യൻ പ്രൊവിൻസ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

മോസ്കോയിലെ മലയാളി സംരംഭമായ ഹോട്ടൽ ഡർബാർസിൽ ഒക്ടോബർ 19 നു കൂടിയ യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ ഡോ. ചെറിയാൻ ഈപ്പൻ അധ്യക്ഷത വഹിച്ചു. ജോളി തടത്തിൽ ജർമനി(ചെയർമാൻ,ഡബ്ല്യുഎംസി യൂറോപ്പ് റീജൺ), ഗ്രിഗറി മേടയിൽ ജർമനി (പ്രസിഡന്‍റ്, ഡബ്ല്യുഎംസി യൂറോപ്പ് റീജൺ), ജോസഫ് കില്ലിയാൻ ജർമനി (ജനറൽ സെക്രട്ടറി, ഡബ്ല്യുഎംസി ഗ്ലോബൽ കമ്മിറ്റി), മേഴ്സി തടത്തിൽ (സെക്രട്ടറി, ജർമൻ പ്രൊവിൻസ്) നജീബ് അർക്കാഡിയ (പ്രസിഡന്‍റ്,യുകെ പ്രൊവിൻസ്) പ്രഫ. ഡോ. അജിത് കവിദാസൻ യുകെ(ഡബ്ല്യുഎംസി ഗുഡ് വിൽ അംബാസഡർ), സണ്ണി ചാക്കോ (പ്രസിഡന്‍റ്, ഡബ്ല്യുഎംസി റഷ്യൻ പ്രൊവിൻസ്) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

പ്രൊവിൻസ് നിലവിൽ വന്നതിന്‍റെ അംഗീകാരമായി ചാർട്ടർ സർട്ടിഫിക്കറ്റ് ജോളി തടത്തിൽ, ഗ്രിഗറി മേടയിൽ, ജോസഫ് കില്ലിയാൻ എന്നിവർ ചേർന്ന് റഷ്യൻ പ്രൊവിൻസ് ഭാരവാഹികൾക്ക് കൈമാറി.

ഏറെക്കാലമായി റഷ്യയിലെ മലയാളികൾ കാത്തിരുന്ന ഒരു സ്വപ്നമാണ് ഡബ്ല്യുഎംസി റഷ്യൻ പ്രവിശ്യയുടെ ഉദ്ഘാടനമെന്ന് ഗ്ളോബൽ ഭാരവാഹികൾ പറഞ്ഞു. അതുകൊണ്ടുതന്നെ സിൽവർ ജൂബിലി നിറവിലേയ്ക്കു നടന്നടുക്കുന്ന ആഗോള ഡബ്ല്യുഎംസിയുടെ ചരിത്രത്തിലെ മറ്റൊരു അധ്യായം കൂടിയാണ് റഷ്യൻ പ്രൊവിൻസെന്നും ഭാരവാഹികൾ വിശേഷിപ്പിച്ചു. സെക്രട്ടറി സുജിത് നന്ദി പറഞ്ഞു. റഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ചടങ്ങിൽ പങ്കെടുത്തു.