സ്വിസ് തെരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിക്ക് ചരിത്ര നേട്ടം ; ഒപ്പം മലയാളി വംശജനും

09:26 PM Oct 21, 2019 | Deepika.com
ബേണ്‍: സ്വിസ് പാർലമെന്‍റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സ്വിസ് പീപ്പിൾസ് പാർട്ടിക്ക് മുൻതൂക്കം. മൂന്നു ശതമാനം വോട്ട് വിഹിതം കുറഞ്ഞെങ്കിലും അവർക്ക് ഭരണം നിലനിർത്താൻ കഴിയുമെന്നാണ് സൂചന. കുടിയേറ്റ വിരുദ്ധ നിലപാടുള്ള പാർട്ടിയാണ് സ്വിസ് പീപ്പിൾസ് പാർട്ടി.

ഈ തെരഞ്ഞെടുപ്പിൽ മലയാളി അടിവേരുള്ള നിക്ക് ഗുഗ്ഗർ (49) സ്വിസ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവാഞ്ചലിക്കൽ പീപ്പിൾസ് പാർട്ടി ഓഫ് സ്വിറ്റ്സർലൻഡിലെ (ഇപിപി) സെൻട്രൽ ബോർഡ് അംഗമാണ് നിക്ക് ഗുഗർ. 2002 മുതൽ 2014 വരെ വിന്‍റർതൂർ സിറ്റി കൗണ്‍സിൽ അംഗമായിരുന്നു. 2008 മേയ് മുതൽ അദ്ദേഹം ഗ്രൂപ്പ് പ്രസിഡന്‍റായി ഇപിപി ഗ്രൂപ്പിന്‍റെ തലവനായി. 2010 ൽ വിന്‍റർതൂരിൽ നടന്ന സിറ്റി കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ അദ്ദേഹം കേവല ഭൂരിപക്ഷത്തിലെത്തിയിരുന്നു.

2014 മുതൽ 2017 വരെ അദ്ദേഹം സൂറിച്ച് കന്‍റോണൽ കൗണ്‍സിൽ അംഗമായി. 2015 ഏപ്രിൽ 12 ന് സൂറിച്ചിലെ കന്‍റണ്‍ ഗവേണിംഗ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിക്ക് ഗുഗർ ഇപിപിയിൽ സ്ഥാനാർഥിയായി ചേർന്നു. 2015 ലെ ദേശീയ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ, മജാ ഇൻഗോൾഡിന് ശേഷം പകരക്കാരനായി നിക്ക് ഗുഗർ ഇടം നേടി. 2017 നവംബർ 27 ന് അദ്ദേഹം ദേശീയ കൗണ്‍സിലിലേക്ക് മാറി. വിൻർതർ മണ്ഡലത്തിൽനിന്നാണ് ഗുഗർ തെരഞ്ഞെടുക്കപ്പെട്ടത്.നാലുവർഷമാണ് കാലാവധി.

കർണാടകയിലെ ഉഡുപ്പിയിൽ ജനിച്ച അനാഥനായ ഗുഗറെ, തലശേരി നെട്ടൂരിലെ ബാസൽ മിഷനിൽ പ്രവർത്തിച്ചിരുന്ന സ്വിസ് ദന്പതികൾ ദത്തെടുത്തു സ്വിറ്റ്സർലൻഡിലേയ്ക്കു കൊണ്ടുവന്ന് വളർത്തുകയായിരുന്നു. തലശേരിയിലായിരുന്നു ഗുഗറുടെ ബാല്യ കാലം.

സ്വിസ് പ്രൊട്ടസ്റ്റന്‍റ് ചർച്ചുകളുടെ വികസന പദ്ധതിയിൽ ജോലി ചെയ്ത വളർത്തു മാതാപിതാക്കൾ, നിക്ക് ഗുഗ്ഗറിന് നാല് വയസുള്ളപ്പോൾ, കുടുംബം സ്വിറ്റ്സർലൻഡിലേക്ക് യുറ്റെൻഡോർഫിലേക്ക് മാറി. നിക്ക് ഗുഗ്ഗറിന്‍റെ രാഷ്ട്രീയ ലക്ഷ്യം സാന്പത്തികവും സാമൂഹികവുമായ വിഷയങ്ങളിലാണ്.

അതേസമയം, ഗ്രീൻ പാർട്ടി സ്വിസ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു ഗ്രീൻ പാർട്ടികൾക്കുമായി ഇരുപതു ശതമാനം വോട്ട് വിഹിതം കണക്കാക്കുന്നു. ഇതോടെ പാർലമെന്‍റിൽ നിർണായക ശക്തിയായി മാറാൻ പാർട്ടിക്കു സാധിക്കും.

ഗ്രീൻ പാർട്ടിയുടെ വോട്ട് വിഹിതം 5.6 ശതമാനം വർധിച്ച് 12.7 ശതമാനത്തിലെത്തിയപ്പോൾ, ഗ്രീൻ ലിബറൽ പാർട്ടിയുടേത് 7.6 ശതമാനത്തിലുമെത്തി.ഇതു ഗ്രീൻ തരംഗമല്ല, ഗ്രീൻ സുനാമി തന്നെയാണെന്ന് പാർട്ടി ഉപാധ്യക്ഷ സെലീന വര അവകാശപ്പെട്ടു. 16.5 ശതമാനം വോട്ട് നേടിയ സെന്‍റർ-ലെഫ്റ്റ് സോഷ്യലിസ്റ്റുകളാണ് രണ്ടാം സ്ഥാനത്ത്. സെന്‍റർ-റൈറ്റ് ലിബറലുകൾ 15.2 ശതമാനവുമായി മൂന്നാം സ്ഥാനത്തും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ