ബ്രെക്സിറ്റ് നീട്ടിവയ്ക്കരുത്: മാക്രോണ്‍

08:24 PM Oct 19, 2019 | Deepika.com
ബ്രസൽസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ സംബന്ധിച്ച് യൂറോപ്യൻ നേതാക്കൾക്കിടയിൽ രൂക്ഷമായ അഭിപ്രായഭിന്നത തുടരുന്നു.

ഇനി ബ്രെക്സിറ്റ് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നും കരാർ പാസായാലും ഇല്ലെങ്കിലും ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാകണമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ആവശ്യപ്പെട്ടു. ഒന്നുകിൽ തന്‍റെ കരാർ പാസാക്കുക, അല്ലെങ്കിൽ കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുക എന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനോടു യോജിക്കുന്ന നിലപാടാണ് മാക്രോണും പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കരാർ യൂറോപ്യൻ പാർലമെന്‍റിലോ ബ്രിട്ടീഷ് പാർലമെന്‍റിലോ പരാജയപ്പെട്ടാൽ ബ്രെക്സിറ്റ് നീട്ടി വയ്ക്കാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ നിലപാട്. ഇക്കാര്യം അവർ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും പ്രധാന യൂറോപ്യൻ നേതാക്കളെ നിലപാട് അറിയിച്ചിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കിടെയാണ് മാക്രോണ്‍ തന്‍റെ നിലപാട് മാധ്യമങ്ങൾക്കു മുന്നിൽ വെട്ടിത്തുറന്നു പറഞ്ഞത്. ബെൽജിയത്തിൽ നടക്കുന്ന യൂറോപ്യൻ കൗണ്‍സിൽ യോഗത്തിൽ മെർക്കലും നിലപാട് വിശദീകരിച്ചതായാണ് സൂചന.

അതേസമയം, കരാർ പരാജയപ്പെട്ടാലും ഒക്ടോബർ 31നു തന്നെ ബ്രെക്സിറ്റ് നടപ്പാകുമെന്നും അതു കരാറില്ലാത്ത ബ്രെക്സിറ്റായിരിക്കുമെന്നുമെന്നുമുള്ള യൂറോപ്യൻ യൂണിയൻ മേധാവ് ഴാങ് ക്ലോദ് ജങ്കറുടെ മുൻ പ്രസ്താവന ഇപ്പോൾ ആശയക്കുഴപ്പത്തിനും കാരണമായിരിക്കുകയാണ്. അതിനുള്ള സാധ്യതയും കരാറിൽ ശേഷിക്കുന്നു എന്നാണ് മെർക്കലിന്‍റെ അഭിപ്രായ പ്രകടനം സൂചിപ്പിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ