ബിർമിംഗ്ഹാം: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി നടത്തിവരുന്ന എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരത്തിന്റെ മൂന്നാം പതിപ്പ് 2019 ഡിസംബർ 14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടത്തപ്പെടും.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും ഒത്തുചേരലിനു വേദിയാകും. മത്സരത്തോടനുബന്ധിച്ച് യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കപ്പെടും.
മുൻ വർഷങ്ങളിലേതുപോലെ പോലെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.
ജോയ് ടു ദി വേൾഡിന്റെ രണ്ടാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിമൂന്നു ഗായകസംഘങ്ങൾ അരങ്ങിലെത്തിയപ്പോൾ കിരീടം ചൂടിയത് ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസോസിയേഷനും രണ്ടാമതെത്തിയത് ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് ക്വയറുമായിരുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി വിജയകരമായി നടത്തിവരുന്ന കരോൾ ഗാന മത്സരം ഇത്തവണ കൂടുതൽ മികവുറ്റതാക്കി മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കാൻ യുകെയിലെ എല്ലാ ഗായകസംഘങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 30 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന ഗായക സംഘങ്ങൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെപറയുന്ന നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 07958236786 / 07828456564 / 07500058024
റിപ്പോർട്ട്: ജോഷി സിറിയക്
എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം ജോയ് ടു ദി വേൾഡിന്റെ മൂന്നാം പതിപ്പ് ഡിസംബർ 14 ന്
10:56 PM Oct 18, 2019 | Deepika.com