ലണ്ടൻ: ഗാന്ധിജിയുടെ നൂറ്റന്പതാം ജന്മദിനം പ്രമാണിച്ച് പ്രത്യേക സ്മാരക നാണയം പുറപ്പെടുവിക്കുമെന്നു ബ്രിട്ടീഷ് ധനമന്ത്രി സജിദ് ജാവിദ് അറിയിച്ചു. രാജകീയ കമ്മട്ടത്തിന് ഇതു സംബന്ധിച്ച ഉത്തരവു നൽകിയെന്ന് ജിജി2 അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത പാക് സ്വദേശിയായ ജാവിദ് പറഞ്ഞു.
സന്പത്തും ഉന്നതപദവിയുമല്ല അധികാരത്തിന്റ ഉറവിടമെന്നു ഗാന്ധിജി പഠിപ്പിച്ചു. ജീവിതത്തിലുടനീളം ഗാന്ധിജി കാത്തുസൂക്ഷിച്ച മൂല്യങ്ങൾ നാം ഒരിക്കലും വിസ്മരിക്കരുതെന്നും ജാവിദ് ഓർമിപ്പിച്ചു.
ഏഷ്യൻ മീഡിയ ഗ്രൂപ്പാണ് ജിജി2 നേതൃത്വ അവാർഡ് ഏർപ്പെടുത്തിയത്. ബ്രിട്ടനിലെ ദക്ഷിണേഷ്യൻ സമൂഹത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെയാണ് അവാർഡിനു തെരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ അവാർഡ് പട്ടികയിൽ ഒന്നാം സ്ഥാനം മന്ത്രി സജിദ് ജാവിദിനാണ്. ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ പ്രീതി പട്ടേൽ, ഇന്ത്യൻ വംശജനായ ട്രഷറി സെക്രട്ടറി ഋഷി സുനാക്, ജീനാ മില്ലർ, ലണ്ടൻ മേയർ സാദിക്ക് ഖാൻ, ഭീകരവിരുദ്ധ ഓഫീസർ നീൽ ബസു, സർ വെങ്കട്ടരാമൻ രാമകൃഷ്ണൻ വെങ്കി, ഹിന്ദുജാ സഹോദരങ്ങൾ എന്നിവരും അവാർഡ് പട്ടികയിലുണ്ട്.
ബ്രിട്ടൻ ഗാന്ധിജിയെ സ്മരിച്ച് മുന്നിൽ പ്രത്യേക നാണയം ഇറക്കും
05:49 PM Oct 12, 2019 | Deepika.com