ബ്രെക്സിറ്റ്: യൂറോപ്യൻ ഐക്യ ആഹ്വാനവുമായി മെർക്കൽ

08:41 PM Oct 05, 2019 | Deepika.com
ബർലിൻ: ബ്രിട്ടൻ അംഗത്വം ഉപേക്ഷിച്ചാലും യൂറോപ്യൻ യൂണിയനിൽ ശേഷിക്കുന്ന 27 രാജ്യങ്ങളുടെ ഐക്യമായിരിക്കണം പരമ പ്രധാനമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. ബ്രിട്ടൻ പുതിയ ബ്രെക്സിറ്റ് പിൻമാറ്റ കരാറിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താനിരിക്കെയാണ് അഭിപ്രായ പ്രകടനം.

യൂറോപ്യൻ യൂണിയൻ രേഖാമൂലം അറിയിക്കുന്നതു വരെയും നേതാക്കൾ ചർച്ച ചെയ്യുന്നതു വരെയും പുതിയ കരാർ സംബന്ധിച്ച അഭിപ്രായം പരസ്യമാക്കുന്നില്ലെന്നും ഡച്ച് ചാൻസലർ മാർക്ക് റട്ടുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മെർക്കൽ പറഞ്ഞു.

കരാർ വിശദമായി പഠിക്കും. യൂറോപ്യൻ യൂണിയന്‍റെ ചർച്ചാ സംഘത്തലവൻ മിച്ചൽ ബാർനിയർക്ക് അംഗരാജ്യങ്ങളുടെ പൂർണ പിന്തുണയുണ്ട്. കരാറോടു കൂടി തന്നെ ബ്രെക്സിറ്റ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ, മറിച്ചു സംഭവിച്ചാലും നേരിടാൻ ജർമനിയും നെതർലൻഡ്സും തയാറെടുപ്പുകൾ നടത്തിയിട്ടുള്ളതായും ഇരു നേതാക്കളും അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ