ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ബീഫ് നിരോധിച്ചു

11:05 PM Sep 23, 2019 | Deepika.com
ലണ്ടൻ: യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ കാംപസിൽ ബീഫിനു സന്പൂർണ നിരോധനം ഏർപ്പെടുത്തി. ഇന്ത്യയിലേതു പോലുള്ള സംഘപരിവാർ അജൻഡയൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടമാണ് നടപടിക്കു പിന്നിൽ.

കാന്പസിനുള്ളിലെ എല്ലാ കടകളിൽ നിന്നും കഫേകളിൽ നിന്നും അടുത്ത മാസം മുതൽ എല്ലാത്തരം ബീഫ് ഉത്പന്നങ്ങളും ഒഴിവാക്കാനാണ് നിർദേശം. ഇതിനു പുറമേ പ്ലാസ്റ്റിക് ഉപയോഗത്തിനും കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകളോ ഡിസ്പോസിബിൾ പ്ലാസ്റ്റിക് കപ്പുകളോ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് പത്തു പെന്നി ലെവി ചുമത്തും. അടുത്ത അധ്യയന വർഷം മുതലാണ് ഈ നിർദേശത്തിനു പ്രാബല്യം. പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

2025 നുള്ളിൽ സർവകലാശാലയെ കാർബണ്‍ ന്യൂട്രലായി പ്രഖ്യാപിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ക്യാപസിലെ കെട്ടിടങ്ങൾക്കു മുകളിൽ കൂടുതൽ സോളാർ പാനലുകളും സ്ഥാപിക്കും. കരിക്കുലത്തിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കൂടുതൽ വിഷയങ്ങളും ഉൾപ്പെടുത്തും.