ഫ്രാങ്ക്ഫർട്ടിലെ സാൽബൗ ടൈറ്റസ് ഫോറം ഓഡിറ്റോറിയത്തിൽ അരങ്ങേറിയ വൈവിധ്യങ്ങളായ കലാപരിപാടികൾ പുതുമകൾ നിറച്ച അവതരണ മഹിമകൊണ്ട് അവിസ്മരണീയമായി. സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തൂശനിലയിൽ വിളന്പിയ ഓണസദ്യയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി.
ഗാന്ധിജിയെപ്പറ്റിയുള്ള വീഡിയോ ഷോയും ഹാളിനു പുറത്ത് ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഫോട്ടോപ്രദർശനവും ഒരുക്കിയത് പുതുതലമുറയ്ക്ക് അറിവു പകരാനുള്ള വേദിയായി.
ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെ കോണ്‍സുലർ ജനറൽ പ്രതിഭാ പാർക്കർ, സീറോ മലബാർ കമ്യൂണിറ്റി ഇടയൻ ഫാ. തോമസ് വട്ടുകുളം, ഫ്രാങ്ക്ഫർട്ട് സിറ്റി ഫോർ ഫോറിൻ അഡ്വൈസറി കൗണ്‍സിൽ ഡെപ്യൂട്ടി ചെയർമാൻ കെറി റെഡിംഗ്ടണ്‍, ഇയു ഫ്രാങ്ക്ഫർട്ട് റീജിയൻ ചെയർമാൻ ക്ലൗസ് ക്ലിപ്പ് എന്നിവർ ആഘോഷത്തിൽ വിശിഷ്ടാതിഥികളായിരുന്നു.
സമാജം പ്രസിഡന്റ് ഡോ. അജാക്സ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. കോണ്‍സുൽ ജനറൽ പ്രതിഭ പാർക്കർ, ഫാ. തോമസ് വട്ടുകുളം, നാരായണ സ്വാമി, കെറി റെഡിംഗ്ടണ്‍, ഡോ. അജാക്സ് മുഹമ്മദ്, കഐസ്എഫ് സെക്രട്ടറി അബി മാങ്കുളം എന്നിവർ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. കോണ്‍സുൽ ജനറൽ പ്രതിഭ പാർക്കർ ഉദ്ഘാടന പ്രസംഗം നടത്തി.
സമാജം മലയാളം സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നാനാത്വത്തിൽ ഏകത്വം എന്ന ദേശസ്നേഹ പരിപാടി ഏറെ മികച്ചതായി.
തിരുവാതിര നൃത്തം, നൃത്തശിൽപ്പം. ഓണം അവതരണം, ബോളിവുഡ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സോളോ, സ്പോട്ട് ഡബിംഗ് മിമിക്രി, നാടോടി നൃത്തം, ടോളിവുഡ് നൃത്തം, ഭരതനാട്യം, ശാസ്ത്രീയ നൃത്തം, ഹിന്ദി ഗാനം തുടങ്ങിയ വൈവിധ്യമാർന്ന മികവുറ്റ പരിപാടികൾ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. കലാപരിപാടികളിൽ ഏകദേശം എണ്‍പതോളം കലാകാര·ാർ പങ്കെടുത്തു.
സമാജം നടത്തിയ അത്തപ്പൂക്കളം മൽസരത്തിലും ചിത്രരചനാ മൽസരത്തിലും വിജയികളായവർക്ക് ഡോ. അജാക്സ് മുഹമ്മദ്, അബി മാങ്കുളം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മാവേലിയായി ബിജൻ കൈലാത്ത് വേഷമിട്ടു. നിറങ്ങളുടെ അഴകിൽ കൊരുത്ത പൂക്കളത്തിന്റെ നടുവിൽ ഒരുക്കിയ നിലവിളക്കിന്റെ തിരിനാളം ആഘോഷത്തെ പ്രകാശമയമാക്കി. ജാതിമതഭേദമെന്യേ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട അറുനൂറ്റിയൻപതിൽപ്പരം ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു.
രമേശ് ചെല്ലെതുറൈ നേതൃത്വം നൽകിയ തംബോലയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമാജം ജനറൽ സെക്രട്ടറി അബി മാങ്കുളം നന്ദി പറഞ്ഞു. മികവാർന്ന പരിപാടികൾ അനുശ്രീ അമിരേഷ്, ബാസ്റ്റിൻ സേവ്യർ എന്നിവർ മോഡറേറ്റ് ചെയ്തു. ദേശീയഗാനത്തോടെ ഓണാഘോഷത്തിന് തിരശീലവീണു.
സമാജം ഭാരവാഹികളായ ഡോ.അജാക്സ് മുഹമ്മദ്, അബി മാങ്കുളം, രമേശ് ചെല്ലെതുറൈ, മറിയാമ്മ ടോണിസണ്‍, ബോബി ജോസഫ്, കോശി മാത്യു, ജോണ്‍ ജോസഫ് എന്നിവർ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍