ലണ്ടൻ: പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകൽപന ചെയ്യുവാനുമുള്ള അപേക്ഷകൾ സമർപ്പിക്കുവാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം.
മലയാള സാഹിത്യ- സാംസ്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെടുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പദ്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂർത്തി സ്വാമികളും, എം.എസ്. വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒഎൻവി കുറുപ്പും, ജനകീയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറും അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.
സെപ്റ്റംബർ 23 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു മുൻപായി ലെരൃലമേൃ്യ.ൗസാമ@ഴാമശഹ.രീാ എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോണ് നന്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.
സംഘടന സ്ഥാപിതമായതിന്റെ പത്താം വാർഷികാഘോഷവേളയിൽ നടക്കുന്ന ദേശീയ കലാമേള എന്ന നിലയിൽ മാഞ്ചസ്റ്റർ കലാമേള യുക്മയുടെ ചരിത്രത്തിൽ തങ്കലിപികളിൽ തന്നെ എഴുതപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, കലാമേള ദേശീയ ജനറൽ കണ്വീനർ സാജൻ സത്യൻ എന്നിവർ അഭിപ്രായപ്പെട്ടു.
യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജണൽ കലാമേളയുടെ പ്രഖ്യാപനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ആയിരത്തിലധികം കലാകാര·ാരും കലാകാരികളും മത്സരാർഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യുകെ മലയാളികളായ ആയിരങ്ങൾ കാണികളായും ഒത്തുചേരുന്പോൾ ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക.
കലാമേള നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ വച്ചു പുരസ്കാരം നൽകി ആദരിക്കുന്നതാണ്.
യുക്മ ദേശീയ കലാമേള: നാമകരണത്തിനും ലോഗോ രൂപകൽപനയ്ക്കും അപേക്ഷക്കാനുള്ള അവസാനതീയതി 23 തിങ്കളാഴ്ച
11:14 PM Sep 20, 2019 | Deepika.com