മസ്ക്കറ്റ്: മസ്ക്കറ്റ് - ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം, ഈ വർഷത്തെ ഓണം-ഈദ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണസദ്യയും, കലാപരിപാടികളും, സെപ്റ്റംബർ 13 ന് അൽഫലാജ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാട്ടിൽ നിന്നെത്തിയ പാചക വിദഗ്ദ്ധൻ ദേവൻ നന്പൂതിരിയുടെ നേതൃത്വത്തിൽ ഇത്തവണ ഒരുക്കിയ ഓണസദ്യയിൽ 2500 ലേറെ ആളുകൾ പങ്കെടുത്തു.
ഇന്ത്യൻ അംബാസിഡർ മുനുമഹാവർ മുഖ്യ അതിഥിയായിരുന്നു. കേരള വിഭാഗം ഓണാഘോഷ പരിപാടിയിൽ പങ്കുചേരുന്നതിൽ അതിയായ സന്തോഷം പങ്കുവച്ച അദ്ദേഹം, ഓണം ഈദ് പരിപാടി ഒന്നിച്ചാഘോഷിക്കുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം ആണ് മലയാളികൾ സമൂഹത്തിനു നൽകുന്നതെന്നും അംബാസിഡർ കൂട്ടിച്ചേർത്തു.
വൈകിട്ട് 6ന് പഞ്ചവാദ്യത്തോടെ ആരംഭിച്ച കലാസന്ധ്യ എംബസി കൗണ്‍സിലർ പി.കെ. പ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ കല്ലറ ഗോപനും മകൾ നാരായണി ഗോപനും ചേർന്നൊരുക്കിയ ഗാനമേള അവിസ്മരണീയ അനുഭവമായി. തുടർന്ന് കേരള വിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിൽ അരങ്ങേറിയ "മനസി നുള്ളിലോരോണം' എന്ന ദൃശ്യവിരുന്നു സദസിനു വേറിട്ടൊരു അനുഭവമായി. ഏപ്രിൽ 2019 നു കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവ വിജയികൾക്കുള്ള സമ്മാനദാനവും ഈ പരിപാടിയിൽ വച്ചു നൽകുകയുണ്ടായി.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
മസ്ക്കറ്റിൽ കേരള വിഭാഗം ഓണം-ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു
11:31 PM Sep 19, 2019 | Deepika.com