ബർലിൻ: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി വിമാന യാത്രാ നികുതി വർധിപ്പിക്കാൻ ജർമനിയിലെ ഭരണപക്ഷ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ ആലോചിക്കുന്നു.
പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് സർക്കാരിനെ അറിയിക്കും. തുടർന്ന് ഘടകക്ഷികളായ സിഎസ്യുവുമായും എസ്പിഡിയുമായും ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
നിലവിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് 7.38 യൂറോയാണ് ഒരു ടിക്കറ്റിന് ഏർപ്പെടുത്തിയിരിക്കുന്ന ലെവി. ഇതു വർധിപ്പിക്കാനാണ് നിർദേശം. തൽകാലം രാജ്യാന്തര സർവീസുകളെ ബാധിക്കില്ല. കണക്റ്റിംഗ് ഫ്ളൈറ്റുകൾക്കും ബാധകമാക്കില്ല.
വിമാന സർവീസുകൾ കാർബണ്‍ പുറന്തള്ളൽ വർധിപ്പിക്കുന്നതിനാൽ ആഭ്യന്തര യാത്രകളിൽ ഇതു നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ വിമാന യാത്രാ നികുതി വർധിപ്പിക്കാൻ ആലോചന
10:35 PM Sep 17, 2019 | Deepika.com