ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച സാന്പത്തിക ഉത്തേജക പാക്കേജിന് ജർമൻ സെൻട്രൽ ബാങ്കിന്റെ രൂക്ഷ വിമർശനം. ഇത്രയും വിശാലമായൊരു പാക്കേജ് അനാവശ്യമാണെന്നും, ഒട്ടും ആനുപാതികമല്ലെന്നുമാണ് ജർമൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് യെൻസ് വീഡ്മാന്റെ വിലയിരുത്തൽ.
തോക്കിൽ കയറി വെടിവയ്ക്കുന്ന തരത്തിലുള്ളതാണ് ഇക്കാര്യത്തിൽ ഇസിബി പ്രസിഡന്റ് മരിയോ ദ്രാഗിയുടെ നടപടിയെന്നും അദ്ദേഹം തുറന്നടിച്ചു.
നിക്ഷേപങ്ങളുടെ പലിശ നിരക്ക് നെഗറ്റീവാക്കുന്നതും, സർക്കാർ, കോർപ്പറേറ്റ് ബോണ്ടുകൾ കൂടുതൽ വാങ്ങാൻ തീരുമാനിച്ചതും അടക്കമുള്ള നടപടികളാണ് ഇസിബി സ്വീകരിച്ചിരിക്കുന്നത്.
ജർമൻ സെൻട്രൽ ബാങ്ക് അടക്കം യൂറോസോണിലെ പല സെൻട്രൽ ബാങ്കുകളും ഇസിബി യോഗത്തിനു മുൻപു തന്നെ ഇത്തരം നടപടികൾക്കെതിരേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കൂടുതൽ ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നതു വഴി ഈ നയത്തിൽ നിന്നു പിൻമാറാൻ എളുപ്പമല്ലാതാകുമെന്നും ഇവർ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇസിബി ഉത്തേജന പദ്ധതിക്ക് ജർമൻ സെൻട്രൽ ബാങ്കിന്റെ വിമർശനം
10:40 PM Sep 16, 2019 | Deepika.com