ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഷിക്കാഗോ രൂപതാ വികാരി ജനറലും ക്നാനായ കത്തോലിക്കാ റീജണ്‍ ഡയറക്ടറുമായ മോണ്‍. ഫാ. തോമസ് മുളവനാൽ വി. കുർബാന അർപ്പിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ സഹകാർമികനായിരുന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഫാ. തോമസ് മുളവനാൽ തിരി തെളിച്ചു കൊണ്ട് ദേവാലയ സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ സ്വാഗതവും ട്രസ്റ്റി ഫിലിപ്പ് ഒട്ടപ്പള്ളി നന്ദിയും പറഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ചു സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
2002 ലാണ് ലോസ് ആഞ്ചലസിൽ ക്നാനായ കത്തോലിക്കർക്കായി ഒരു മിഷൻ സ്ഥാപിച്ചത്. ഫാ. എബ്രഹാം മുത്തോലത്തായിരുന്നു മിഷന്റെ ആദ്യത്തെ ഡയറക്ടർ. തുടർന്ന് ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. ബേബി കുട്ടിയാങ്കൽ എന്നിവർ മിഷൻ ഡയറക്ടർമാരായി പ്രവർത്തിച്ചു. 2005ൽ പുതിയ പള്ളി സ്ഥാപിക്കുകയും ഫാ. തോമസ് മുളവനാൽ ഇടവകയുടെ പ്രഥമ വികാരിയായി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് ഇടവകയും വികാരിയായി ചുമതലയേറ്റ ഫാ. സിജു മുടക്കോടിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങളുമായി ഇടവക സമൂഹം സജീവമായി മുന്നേറുന്നു. ഇടവകയോടനുബന്ധിച്ചു വിസിറ്റേഷൻ സന്യാസസമൂഹത്തിന്റെ ഒരു ഭവനം ഇവിടെയുണ്ട്.
റിപ്പോർട്ട്: സിജോ പറപ്പള്ളി