+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുമ്മനം രാജശേഖരന്‍ അമേരിക്കയിലെ വിവിധ ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു

ലോസ് ആഞ്ചലസ്: അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് കലിഫോര്‍ണിയയിലെ വിവിധ ആശ്രമങ്ങള്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു.1990 ല്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ഹോളിവുഡിലെ വ
കുമ്മനം രാജശേഖരന്‍ അമേരിക്കയിലെ  വിവിധ ആശ്രമങ്ങള്‍ സന്ദര്‍ശിച്ചു
ലോസ് ആഞ്ചലസ്: അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് കലിഫോര്‍ണിയയിലെ വിവിധ ആശ്രമങ്ങള്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു.

1990 ല്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ഹോളിവുഡിലെ വേദാന്ത സൊസൈറ്റി ആസ്ഥാനത്തെത്തിയ കുമ്മനത്തെ സ്വാമി സത്യമയാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘം സ്വീകരിച്ചു. ആശ്രമവും പരിസരവും ചുറ്റിക്കണ്ട കുമ്മനം പ്രാര്‍ഥനാലയത്തില്‍ ധ്യാനത്തിലിരിക്കുകയും ചെയ്തു.

വിദേശയാത്രക്കിടെ സ്വാമി വിവേകാനന്ദന്‍ 6 ആഴ്ച താമസിച്ച പാസിഡനോ സിറ്റിയിലെ വീടും കുമ്മനം സന്ദര്‍ശിച്ചു. "വിവേകാനന്ദ ഹൗസ്' എന്ന പേരില്‍ ചരിത്ര സ്മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വീട്ടില്‍ സ്വാമി വിവേകാനന്ദന്‍ ഉപയോഗിച്ചിരുന്ന കിടപ്പുമുറി
ധ്യാനമുറിയായി സൂക്ഷിച്ചിരിക്കുകയാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന കസേരയും മറ്റും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. വിവേകാനന്ദന്‍ കുട്ടികളുമായി സംവദിച്ചിരുന്ന വീടിനു പുറത്തുള്ള മൈതാനവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ പൗരനായ ഒരു സ്വാമിക്കാണ് വീടിന്‍റെ ചുമതല.

ഏഷ്യക്ക് പുറത്തെ ലോകത്തിലെ ആദ്യത്തെ ഹിന്ദുക്ഷേത്രമായ കലിഫോര്‍ണിയയിലെ വേദാന്ത സൊസൈറ്റി ക്ഷേത്രവും കുമ്മനം സന്ദര്‍ശിച്ചു. മലയാളിയും ശ്രീരാമകൃഷ്ണ മഠത്തിലെ മുതിര്‍ന്ന സ്വാമിയുമായ സ്വാമി തത്വമയാനന്ദയ്ക്കാണ് ക്ഷേത്രത്തിന്‍റെ ചുമതല. ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള മുകുടങ്ങളോടുകൂടിയ ക്ഷേത്രം നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണ്. ശ്രീരാമകൃഷ്ണ മഠത്തില്‍ 'ചിരഞ്ജീവി' എന്നറിയപ്പെടുന്ന അമേരിക്കന്‍ വംശജനായ 90 കഴിഞ്ഞ സ്വാമി സത്യാനന്ദ ക്ഷേത്രത്തിന്‍റെ ചരിത്രവും പ്രവര്‍ത്തനവും വിശദീകരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെയുള്ള വേദാന്ത സൊസൈറ്റി ആസ്ഥാനവും കുമ്മനം സന്ദര്‍ശിച്ചു.

മാത അമൃതാനന്ദമയിയുടെ അമേരിക്കയിലെ ആസ്ഥാനമായ റാം സമോണ്‍ ആശ്രമ സന്ദർശനമായിരുന്നു കുമ്മനത്തിന്‍റെ അമേരിക്കന്‍ പര്യടനത്തിലെ അവസാന പരിപാടി.
സന്യാസിനി രാമദേവിയുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചാണ് കുമ്മനത്തെ സ്വീകരിച്ചത്. വള്ളിക്കാവ് കഴിഞ്ഞാല്‍ ''അമ്മ' ഏറ്റവും അധികം ദിവസം താമസിക്കുന്ന ആശ്രമമാണിത്. അമ്മയുടെ ചിത്രത്തിന് മുന്നില്‍ നമസ്‌കരിച്ച കുമ്മനം ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്.

അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ ഭാരവാഹികളായ ഡോ. രാം ദാസ് പിള്ള, രവി വള്ളത്തേരി , വിനോദ് ബാഹുലേയന്‍, പ്രസാദ് , രാജേഷ് നായര്‍ , സജീവ് പിള്ള , സജീഷ് എന്നിവരും മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാറും കുമ്മനത്തെ അനുഗമിച്ചു.