+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരിസോണയിൽ ഓണമഹോത്സാവം സെപ്റ്റംബർ 14 ന്

ഫീനിക്സ്, അരിസോണ: പ്രമുഖ പ്രവാസി കൂട്ടായ്മയായ കെഎച്ച്എയുടെയും കലാകാരൻ മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ "ഓണാഘോഷ മഹോത്സവം' സെപ്റ്റംബർ 14 നു (ശനി) എഎസ് യു പ്രിപ്പെറ്ററി സ
അരിസോണയിൽ ഓണമഹോത്സാവം  സെപ്റ്റംബർ 14 ന്
ഫീനിക്സ്, അരിസോണ: പ്രമുഖ പ്രവാസി കൂട്ടായ്മയായ കെഎച്ച്എയുടെയും കലാകാരൻ മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ "ഓണാഘോഷ മഹോത്സവം' സെപ്റ്റംബർ 14 നു (ശനി) എഎസ് യു പ്രിപ്പെറ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 10 ന്പരമ്പരാഗത രീതിയിൽ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. തുടർന്നു കലാക്ഷേത്രയുടെ നേതൃത്വത്തിൽ ഇരുനൂറിലധികം വനിതകൾ പങ്കെടുക്കുന്ന ഒന്നര മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന “ഓണപ്പുലരി” മെഗാ നൃത്തപരിപാടി അരങ്ങേറും. ഈ ഷോയുടെ ഭാഗമായി അനിതാ പ്രസീദ് ചിട്ടപ്പെടുത്തിയ മെഗാ തിരുവാതിര, അജി ബിജു ചിട്ടപ്പെടുത്തിയ മെഗാ മാർഗംകളി, മധു ഘട്ടിഗറും സംഘവും അവതരിപ്പിക്കുന്ന മെഗാ ഭരതനാട്യം, സ്പാർക്‌ലേസ് ചാൻഡ്‌ലെർ അവതരിപ്പിക്കുന്ന മെഗാ ബോളിവുഡ് ഡാൻസ്, പുലരി കർത്തയും സംഘവും അവതരിപ്പിക്കുന്ന ഒഡീസി ഡാൻസ്, ഉമാ മോസും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ അരങ്ങേറും. ഈ വർഷത്തെ ഓണാഘോഷത്തിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഈ മെഗാഷോയ്ക്ക് അനിതാ പ്രസീദ്, ആരതി സന്തോഷ് , രമ്യ രഘു, സിതാര അഭിലാഷ്, ദീപിതി ബിനീത്, പ്രീതി ഹരിഹരൻ എന്നിവർ നേതൃത്വം നൽകും.

തുടർന്നു മഹാബലിക്ക് താലപ്പൊലി, വാദ്യമേളം, മുത്തുക്കുട, പുലികളി, കാവടി എന്നിവയുടെ അകമ്പടിയോടെ സ്നേഹോഷ്മളമായ സ്വീകരണവും വരവേല്പും നൽകും. 11.30ന് ഓണസദ്യക്ക് തുടക്കമാകും. ലോകപ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്.

ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കലാ സാംസ്‌കാരിക സമ്മേളനത്തിൽ നൂറ്റമ്പതിലധികം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കേരളത്തിന്‍റെ സാംസകാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാവിരുന്ന്, നാടൻ പാട്ടുകൾ, ഗാനമേള, നിർത്തനൃത്യങ്ങൾ, നാടോടി നൃത്തം, നാടകം എന്നിവ ഓണാഘോഷത്തിലെ വേറിട്ട കാഴ്ചകളാകും.

ഏവരേയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ദിലീപ് പിള്ള, അനിതാ പ്രസീദ്, ദീപ്തി ബിനീത്, ആരതി സന്തോഷ് , അജിത സുരേഷ്, ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീകുമാർ കൈതവന, ലേഖ നായർ, അനുപ് നായർ, ബിന്ദു വേണുഗോപാൽ, ജോലാൽ കരുണാകരൻ, ബിനിത് മേനോൻ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : 480-516-7964, 623-230-9637, 623-455-1553,480-307-1349.
വെബ്സൈറ്റ്: www.khaaz.org

റിപ്പോർട്ട്: മനു നായ൪