ജർമനിയിൽ സ്കൂൾ കുട്ടികൾക്കുനേരെ വംശീയാക്രമണം : എട്ടു പേർക്ക് പരിക്ക്

08:56 PM Sep 12, 2019 | Deepika.com
ബർലിൻ: ജർമനിയിലെ വെസ്റ്റ് ഫാളാളിയ സംസ്ഥാനത്തിലെ ബീലെഫെൽഡ് ട്രെയിൻ സ്റ്റേഷനിൽ കൊളോണിൽ നിന്നുള്ള സ്കൂൾ കുട്ടികൾക്കു നേരെയുണ്ടായ വംശീയാക്രമണത്തിൽ എട്ടു കുട്ടികൾക്ക് പരിക്കേറ്റു.

ബുധനാഴ്ച ഉച്ചയ്ക്ക് ബെീലെഫെൽഡിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ നടന്ന ആക്രമണത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റതായിട്ടാണ് പോലീസ് അറിയിച്ചത്. 39 കാരനായ അക്രമി സ്കൂൾ കുട്ടികൾക്കനേരെ പ്രത്യേകതകരം വാതകം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എട്ട് കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരെ കുട്ടികളുടെ ക്ലിനിക്കിലേക്കും കൊണ്ടുപോയി.

അക്രമിയെ സംഭവസ്ഥലത്തു തന്നെ അറസ്റ്റ് ചെയ്തു. താൻ ഒരു വംശീയവാദിയാണെന്ന് അക്രമി പോലീസിനോട് പറഞ്ഞതായും തുടർന്നു കുറ്റം സമ്മതിച്ചതായും പോലീസ് വക്താവ് കാർസ്റ്റണ്‍ ബെന്‍റെ അറിയിച്ചു.

മുപ്പതോളം എമർജൻസി ജോലിക്കാരും മൂന്നു ഡോക്ടർമാരും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി കുട്ടികൾക്ക് പ്രഥമശുശ്രൂഷ നൽകി.

കഴിഞ്ഞ ജൂലൈയിൽ ഫ്രാങ്ക്ഫർട്ടിൽ നടന്ന ഒരു സംഭവത്തിൽ ഇൻകമിംഗ് ട്രെയിനിനു മുന്നിൽ അപരിചിതൻ 8 വയസുള്ള ആണ്‍കുട്ടിയെ തള്ളിയിടുകയും കുട്ടി തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ