ജർമനിയിലെ ആശുപത്രിയിൽ തീപിടുത്തം ; ഒരാൾ മരിച്ചു

09:59 PM Sep 10, 2019 | Deepika.com
ബർലിൻ: ജർമനിയിലെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്‍റെ ഭരണ സിരാകേന്ദ്രമായ ഡ്യൂസൽഡോർഫിലെ മരിയൻ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 7 പേരുടെ നില അതീവ ഗുരുതരമാണെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു.

77 വയസുള്ള രോഗിയാണ് മരിച്ചത്. പുക ശ്വസിച്ചാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ഇവരെ ഗെൽസെൻകിർഷനിലെ ഒരു പ്രത്യേക ക്ലിനിക്കിലേക്ക് കൊണ്ടുപോയി. മറ്റുരണ്ടുപേരെ ആഹനിലെ ഒരു പ്രത്യേക ക്ലിനിക്കിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ റെസ്ക്യൂ ഹെലികോപ്റ്ററിലാണ് കൊണ്ടുപോയത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രോഗിയുടെ മുറിയിൽ നിന്നും തീ പടർന്നതായാണ് പ്രാഥമിക വിവരങ്ങൾ. തീയുണ്ടാവുന്പോൾ രോഗി മുറിയിൽ ഇല്ലായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീ കെടുത്താൻ അഗ്നിശമന സേനാംഗങ്ങൾക്ക് കിണഞ്ഞു പരിശ്രമിക്കേണ്ടിവന്നു. മുറിയിലെ ഓക്സിജൻ ലൈനിൽ തീ പടർന്നത് തീപിടിടുത്തിന്‍റെ തീവ്രത വർധിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ