+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചു സിനിമകളുടെ ഉത്സവമായി രണ്ടാമത് കല കുവൈറ്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

കുവൈത്ത് സിറ്റി: പ്രവാസികളുടെ ഉള്ളിൽ സിനിമ നിറഞ്ഞു നിൽക്കുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് കല കുവൈറ്റ് ഫിലിം ഫെസ്റ്റിവലിൽ കാണുവാൻ സാധിക്കുന്നതെന്നും പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ മധുപാൽ. നല്ല സിനിമയു
കൊച്ചു സിനിമകളുടെ ഉത്സവമായി രണ്ടാമത് കല കുവൈറ്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
കുവൈത്ത് സിറ്റി: പ്രവാസികളുടെ ഉള്ളിൽ സിനിമ നിറഞ്ഞു നിൽക്കുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് കല കുവൈറ്റ് ഫിലിം ഫെസ്റ്റിവലിൽ കാണുവാൻ സാധിക്കുന്നതെന്നും പ്രശസ്ത ചലച്ചിത്ര പ്രവർത്തകനായ മധുപാൽ. നല്ല സിനിമയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരണമെന്നും ദൃശ്യങ്ങളിലൂടെ ആശയമിനിമയം സാധ്യമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച രണ്ടാമത് മൊബൈൽ‌ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മംഗഫ് അൽ-നജാത്ത് സ്കൂളിൽ നടന്ന മേളയിൽ ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും തിങ്ങി നിറഞ്ഞ സദസിൽ പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച 40 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്.

സന്തോഷ് പുറക്കാട്ടിരി സംവിധാനം ചെയ്ത ‘ലൈവ്’ എന്ന ചിത്രം മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. പ്രമോദ് മാവിലകത്ത് സംവിധാനം ചെയ്ത ‘ഇൻ‌സൈറ്റ്’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. നിഷാന്ത് കാട്ടൂർ സംവിധാനം ചെയ്ത ‘ട്രാൻ‌സ്’ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. ‘ലൈവ്’ ചിത്രം സംവിധാനം ചെയ്ത സന്തോഷ് പുറക്കാട്ടിരിയാണ് മികച്ച സംവിധായകൻ. ‘ട്രാൻ‌സ്’ ചിത്രത്തിലെ അഭിനയത്തിന് ജിനു വൈക്കത്തിനെ മികച്ച നടനായും, ‘ജന്മാന്തരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രശാന്തി ബിജോയിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ബ്യൂട്ടി ഓഫ് ലവ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് രമ്യ രതീഷിന് ജ്യൂറിയുടെ പ്രത്യേക പരാമർ‌ശം ലഭിച്ചു. ‘എമിലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് എമിലി ജോസ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ബാലതാരങ്ങളിൽ അനാമിക സനൽ‌ കുമാർ (ചിത്രം: ശ്...), മെയിൽ അബ്രഹാം (ചിത്രം: ടാലെന്റ്) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർ‌ശനത്തിന് അർഹരായി. മികച്ച തിരക്കഥക്ക് ജിബി ഗബ്രിയേലും (ചിത്രം: ഔട്ട്ലുക്ക്), ഛായാഗ്രഹണത്തിന് വിജു ആന്റണി (ചിത്രം: വിന്റ്‌ഫാൾ), മികച്ച എഡിറ്റർക്ക് സൂരജ് എസ് പ്ലാന്തോട്ടത്തിലും (ചിത്രം: സൊവറൻ) അവാർഡിന് അർഹരായി.

കല കുവൈറ്റ് പ്രസിഡന്‍റ് ടി.വി ഹിക്‌മത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. സൈജു സ്വാഗതം പറഞ്ഞു. ഫിലിം ഫെസ്റ്റിവൽ സംഘാടക സമിതി ജനറൽ കൺ‌വീനർ ആർ നാഗനാഥൻ വിവരണം നൽ‌കി. കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു. കല കുവൈറ്റ് സാഹിത്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കല കുവൈറ്റ് മുഖപത്രമായ ‘കൈത്തിരി’യുടെ ഓൺ‌ലൈൻ എഡിഷന്‍റെ പ്രകാശനം സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ മധുപാൽ നിർവഹിച്ചു. കല കുവൈറ്റ് ട്രഷറർ കെവി നിസാർ, ജ്യോതിഷ് ചെറിയാൻ (വൈസ് പ്രസിഡന്‍റ്), രജീഷ് സി. നായർ (ജോയിന്‍റ് സെക്രട്ടറി), അനൂപ് മങ്ങാട്ട് (ഫഹാഹീൽ മേഖല ആക്ടിംഗ് സെക്രട്ടറി), ജ്യോതിഷ് പി ജി (കൺ‌വീനർ, ഫിലിം ഫെസ്റ്റിവൽ) എന്നിവർ സംബന്ധിച്ചു.

ഫെസ്റ്റിവലിൽ വിജയികളായവർക്ക് മധുപാൽ പുരസ്കാരങ്ങൾ നൽ‌കി. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ കല കുവൈറ്റ് ഭാരവാഹികൾ കൈമാറി. മാത്യു ജോസഫ്, മനു തോമസ്, ജിതിൻ പ്രകാശ്, സജീവ് മാന്താനം, സലീൽ ഉസ്മാൻ, ശ്രീജിത്ത്, കവിത അനൂപ്, രേവതി ജയചന്ദ്രൻ, രവീന്ദ്രൻ പിള്ള, സുഗതകുമാർ, രാജേഷ് കെ‌എം, ജിബിൻ, രെഞ്ജിത്ത്, സുരേഷ് കുമാർ എൽ‌എസ്, സന്തോഷ് രെഘു, അനീഷ് കാരാട്ട്, നിഷാന്ത്, രാജി സൈമേഷ്, ബിജു എകെ, നിഷാന്ത് ജോർജ്ജ് എന്നിവർ ചലച്ചിത്ര മേളക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ