+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മോദി ഭരണകൂടം രാജ്യത്തിന്‍റെ തകർച്ചക്ക് വഴിയൊരുക്കുന്നു'

ജിദ്ദ: അധികാരത്തിന്‍റെ മത്തുപിടിച്ച് സംഘി അജണ്ട നടപ്പിലാക്കുന്ന മോദി ഭരണകൂടം രാജ്യത്തെ ജനങ്ങളെ തീരാക്കടത്തിലേക്കാണ് കൊണ്ടു പോകുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് കൺവൻഷൻ അഭിപ്രായപ്പെട്ടു
ജിദ്ദ: അധികാരത്തിന്‍റെ മത്തുപിടിച്ച് സംഘി അജണ്ട നടപ്പിലാക്കുന്ന മോദി ഭരണകൂടം രാജ്യത്തെ ജനങ്ങളെ തീരാക്കടത്തിലേക്കാണ് കൊണ്ടു പോകുന്നതെന്ന്
ഇന്ത്യൻ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് കൺവൻഷൻ അഭിപ്രായപ്പെട്ടു.

ഷറഫിയ ഹിജാസ് വില്ലയിൽ നടന്ന കൺവൻഷൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്‍റ് ഹനീഫ കടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. മോദി -അമിത് ഷാ കൂട്ടുകെട്ട് ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി ചൂടപ്പംപോലെ ബില്ലുകൾ പാസാക്കിയെടുത്ത് ഭരണഘടനാ തത്വങ്ങൾ പോലും അട്ടിമറിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ മൗനം ദീക്ഷിക്കുന്നത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ പൗരത്വ പട്ടിക യാഥാർഥ്യമെന്ത് ? എന്ന വിഷയത്തിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്‍റ് അബ്ദുൽ ഗനി പ്രഭാഷണം നടത്തി. ഒന്നിച്ചു കഴിയേണ്ട പൗരൻമാരെ വിദ്വേഷം വിതച്ച് അകറ്റാനും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങളെപ്പോലും അന്യവൽക്കരിക്കാനുമാണ് സംഘപരിവാർ അജണ്ടയിലൂന്നി സർക്കാർ മുന്നോട്ടു പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനവും അശാസ്ത്രീയമായ ജിഎസ്ടിയുമാണ് ഇന്നു രാജ്യത്തെ കൊണ്ടെത്തിച്ച അപകടകരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്‍റ് ഷാഹുൽ ഹമീദ് ചേലക്കര അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി അംഗം ഹക്കീം കണ്ണൂർ, ബ്ലോക്ക് സെക്രട്ടറി ജെംഷീദ് ചുങ്കത്തറ , നാസർ കരുളായി തുടങ്ങിയവർ സംസാരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ചു സ്വദേശത്തേക്ക് പോകുന്ന ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സലാം അബീർ മലപ്പുറം , ഹനീഫ മക്കരപ്പറമ്പ് എന്നിവർക്ക് സി.വി. അഷ്‌റഫ് , റഷീദ് ഷൊർണ്ണൂർ എന്നിവർ ഉപഹാരം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ