ലണ്ടൻ: ഐറിഷ് അതിർത്തി വിഷയം ബ്രെക്സിറ്റ് പിൻമാറ്റ കരാറിൽ കൈകാര്യം ചെയ്തിരിക്കുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്നും,അതിനാൽ ഈ ബാക്ക്സ്റ്റോപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
വടക്കൻ അയർലൻഡ് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകാൻ സാധ്യതയുള്ള രീതിയിലുമാണ് ഈ വ്യവസ്ഥയുടെ കിടപ്പെന്നും യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കിന് അയച്ച കത്തിൽ ജോണ്സണ് ആശങ്ക പ്രകടിപ്പിക്കുന്നു.
എന്നാൽ, ഐറിഷ് ബാക്ക്സ്റ്റോപ്പ് വ്യവസ്ഥയെ എതിർക്കുന്നവർ കർക്കശമായ അതിർത്തി പുനസ്ഥാപിക്കാൻ മാത്രം ആഗ്രഹിക്കുന്നവരാണെന്നും, പകരം മറ്റൊരു നിർദേശം മുന്നോട്ടു വയ്ക്കാൻ ഇവരുടെ പക്കൽ ഇല്ലെന്നുമാണ് ഡോണൾഡ് ടസ്ക് ഇതിനോടു പ്രതികരിച്ചത്. അവരത് അംഗീകരിച്ചില്ലെങ്കിലും അതുതന്നെയാണ് വസ്തുത എന്നും ടസ്ക്.
അയർലൻഡിന്റെ അതിർത്തിയിൽ ഇളവുകൾ അനുവദിക്കുന്ന വ്യവസ്ഥയാണ് ബാക്ക്സ്റ്റോപ്പ്. എന്നാൽ, ഇതൊഴിവാക്കി ഇതര രാജ്യങ്ങളുമായുള്ളതു പോലെ അതിർത്തി നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നാണ് ബോറിസും ഹാർഡ് ബ്രെക്സിറ്റ് വാദികളും ആവശ്യപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബാക്ക്സ്റ്റോപ്പ് ജനാധിപത്യ വിരുദ്ധം: ബോറിസ് ജോണ്സണ്
11:52 PM Aug 21, 2019 | Deepika.com