വിയന്ന: മനുഷ്യരെല്ലാം ഒരുമയോടെ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലുമായി വീണ്ടും ഒരു ഓണക്കാലം കൂടി വരവായി. മലയാളികൾ ഉള്ളിടത്തോളം ഏതു നാട്ടിലായാലും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ഓണം ആഘോഷിക്കപ്പെടുമെന്ന് തെളിയിക്കുകയാണ് വിയന്നയിലെ ഈ മലയാളി സമൂഹം.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മഹാബലി തന്പുരാനെ വരവേൽക്കാൻ വിപുലമായ ആഘോഷ പരിപാടികളാണ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഒപ്പം സ്വതന്ത്ര ഭാരതത്തിന്റെ 72 മത് സ്വാതന്ത്ര്യ ദിനാഘോഷവും നടത്തപ്പെടും.
വിയന്ന മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 31 ന് ഇരുപത്തി മൂന്നാമത്തെ ജില്ലയിലെ ലീസിങ്ങേർ പ്ലാട്ട്സിൽ വച്ച് നടത്തപ്പെടുമെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജൻ കുറുന്തോട്ടിക്കൽ അറിയിച്ചു.
ജി. ബിജു അണിയിച്ചൊരുക്കുന്ന ’രാത്രി പകലിനോടു പറഞ്ഞത് ’ എന്ന നാടകമാണ് ആഘോഷപരിപാടിയിലെ മുഖ്യ ആകർഷണം.
പാശ്ചാത്യ ക്ലാസ്സിക്കൽ നൃത്ത പരിപാടികളും, സംഗീത വിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് ആർട്സ് ക്ലബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ അറിയിച്ചു. ഇതോടൊപ്പം തന്പോല നറുക്കെടുപ്പും നടത്തപ്പെടും. ഈ വർഷം കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പ്രത്യേകം കലാപരിപാടികളും സജീകരിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
മാവേലിമന്നനെ വരവേൽക്കാനൊരുങ്ങി വിയന്ന മലയാളി സമൂഹം
11:36 PM Aug 20, 2019 | Deepika.com