ജർമൻ പാർലമെന്‍റ് അംഗങ്ങളുടെ വരുമാനം മില്യൺ കണക്കിന്

08:34 PM Aug 17, 2019 | Deepika.com
ബർലിൻ: ജർമൻ പാർലമെന്‍റ് അംഗങ്ങൾ യഥാർഥ ശന്പളം കൂടാതെ പാർട്ട് ടൈം ജോലികൾ കൂടി ചെയ്ത് സന്പാദിക്കുന്നത് മില്യണുകളെന്ന് വെളിപ്പെടുത്തൽ. ഇപ്പോഴത്തെ ടേമിലുള്ള ഡെപ്യൂട്ടികൾ ഇതുവരെ 16.5 മില്യൺ യൂറോ ശരാശരി സന്പാദിച്ചു കഴിഞ്ഞെന്നാണ് സ്പീഗലിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ഗവേഷണത്തിൽ വ്യക്തമാകുന്നത്.

709 അംഗങ്ങളാണ് നിലവിൽ ജർമൻ പാർലമെന്‍റിലുള്ളത്. ഇതിൽ 202 പേർക്കാണ് അധിക വരുമാനം ലഭിക്കുന്നത്. അതായത് 28 ശതമാനം പേർക്ക്. 2018ൽ ഇവർ 22 ശതമാനം മാത്രമായിരുന്നു. ഈ പണത്തിന്‍റെ പ്രധാന സ്രോതസുകളിലൊന്ന് ലോബിയിങ്ങാണെന്നും ആരോപണമുയരുന്നു. ഇതു നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം, എംപിമാർ പാർട്ട് ടൈം ജോലി ചെയ്യുന്നത് ജർമനിയിൽ നിയമ വിരുദ്ധമല്ല. മാസം ആയിരം യൂറോയോ വർഷം പതിനായിരം യൂറോയോ അധികരിക്കുന്ന വരുമാനം വെളിപ്പെടുത്തണമെന്നു മാത്രമാണ് ചട്ടം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ