ജർമൻ സന്പദ് വ്യവസ്ഥയിൽ ചുരുക്കം

10:31 PM Aug 16, 2019 | Deepika.com
ബർലിൻ: ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള കാലയളവിൽ ജർമൻ സന്പദ് വ്യവസ്ഥ 0.1 ശതമാനം ചുരുങ്ങി. തൊട്ടു മുൻപുള്ള മൂന്നു മാസവുമായുള്ള താരതമ്യത്തിലാണിതെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അറിയിച്ചു.

മൊത്തം ആഭ്യന്തര ഉത്പാദനത്തിലാണ് കുറവ് കാണിച്ചിരിക്കുന്നത്. ഇതോടെ വാർഷിക വളർച്ചാ നിരക്ക് 0.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിലാണ് ജർമനി സാന്പത്തിക മാന്ദ്യത്തിൽ വീഴാതിരുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥ എന്ന നിലയിൽ ജർമനിക്കുണ്ടാകുന്ന തളർച്ച മുഴുവൻ യൂറോസോണിനെയും ബാധിക്കാനാണ് സാധ്യത.

മാനുഫാക്ചറിംഗ് വ്യവസായങ്ങളിൽ വന്ന മാന്ദ്യമാണ് മൂന്നാം പാദത്തിലെ തളർച്ചയ്ക്കു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നിലവിൽ ജർമനി മാന്ദ്യത്തിലല്ലെന്നും മാന്ദ്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ധനകാര്യ മന്ത്രി പീറ്റർ ഓൾട്ട്മെയർ പറഞ്ഞു. എന്നാൽ അമേരിക്കയുടെ വ്യാപാര കരാർ യൂറോപ്പിനെ ശരിക്കും ബാധിക്കുമെന്നുള്ള സൂചനകൂടിയാണ് ജർമനിയിലെ മാന്ദ്യമെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ ബ്രക്സിറ്റിന്‍റെ ദോഷഫലങ്ങളും ജർമനിയയെയും യൂറോപ്പിനെയും ഒക്കെ ബാധിച്ചുതുടങ്ങിയതായും വിദഗ്ധർ വിലയിരുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ