ബ്രെക്സിറ്റിനെനതിരേ പ്രതിപക്ഷവുമായി സഖ്യത്തിന് മൂന്നു ഭരണകക്ഷി എംപിമാർ

10:05 PM Aug 16, 2019 | Deepika.com
ലണ്ടൻ: ബ്രിട്ടനിൽ ഭരണകക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിയിൽപ്പെട്ട മൂന്നു എംപിമാർ പ്രതിപക്ഷ നേതാവ് ജെറമി കോർബിനുമായി ചർച്ച നടത്തുന്നു. കരാറില്ലാത്ത ബ്രെക്സിറ്റ് എന്തു വിലകൊടുത്തും ഒഴിവാക്കുകയാണ് ഇവരുടെ ലക്ഷ്യം.

അതേസമയം, ഇങ്ങനെയുള്ളവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കരുതെന്നും അടിയന്തരമായി പുറത്താക്കണമെന്നുമാണ് മറു വിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ, ഇവരെ പുറത്താക്കിയാൽ മന്ത്രിസഭ നിലംപതിക്കും. നിലവിൽ ഒരു എംപിയുടെ മാത്രം ഭൂരിപക്ഷത്തിലാണ് ബോറിസ് ജോണ്‍സണ്‍ സർക്കാർ നിലനിൽക്കുന്നത്.

ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയിട്ടായാലും കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ്. ഡൊമിനിക് ഗ്രീവ്, സർ ഒലിവർ ലെറ്റ് വിൻ, ഡെയിം കരോലിൻ സ്പെൽമാൻ എന്നിവർ നടത്തിവരുന്നത്.

ഒന്നുകിൽ ബോറിസിനെ പിന്തുണയ്ക്കുക അല്ലെങ്കിൽ പാർട്ടിയിൽ നിന്നു പുറത്തു പോകുക എന്നാണ് ബ്രെക്സിറ്റ് അനുകൂലികളായ എംപിമാർ ഇവരോട് ആവശ്യപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ