ബ്രിട്ടനെ ശാസ്ത്ര ലോകത്തെ സൂപ്പർ പവറാക്കും: ബോറിസ്

10:42 PM Aug 12, 2019 | Deepika.com
ലണ്ടൻ: ബ്രിട്ടനെ ശാസ്ത്ര ലോകത്തെ സൂപ്പർ പവറാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഈ ലക്ഷ്യം മുന്നിൽ കണ്ടുള്ള മാറ്റങ്ങളാണ് വീസ ചട്ടങ്ങളിൽ വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള അതിബുദ്ധിമാന്മാരെ ബ്രിട്ടനിൽ എത്തിക്കുകയാണ് ലക്ഷ്യം. സയൻസ്, എൻജിനിയറിംഗ്, ആർട്സ് എന്നീ വിഷയങ്ങളിൽ പ്രാഗത്ഭ്യം കാണിക്കുന്നവർക്ക് പുതിയ നയം അനുസരിച്ച് ബ്രിട്ടനിലേക്ക് എളുപ്പത്തിൽ വീസ അനുവദിക്കും. വിദേശങ്ങളിൽ നിന്നും ഈ മേഖലകളിൽ മിടുക്ക് തെളിയിച്ചവരെ യുകെയിലെത്തിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് റൂട്ട് സജ്ജമാക്കുന്നതിനും പ്രധാനമന്ത്രി നിർദേശം നൽകിക്കഴിഞ്ഞു. ഹോം ഓഫീസ്, ഡിപ്പാർട്ട്മെന്‍റ് ഫോർ ബിസിനസ്, എൻജി ആൻഡ് ഇന്‍റസ്ട്രിയൽ സ്ട്രാറ്റജി എന്നിവയോടാണ് ബോറിസ് ഇതു സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.

അസാമാന്യ പ്രതിഭയുള്ള ഗവേഷകർ, ശാസ്ത്രം, എൻജിനിയറിംഗ്, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള സ്പെഷലിസ്റ്റുകൾ, അന്താരാഷ്ട്ര അവാർഡുകളും അംഗീകാരങ്ങളും ലഭിച്ച് തങ്ങളുടെ കരിയർ ആരംഭിക്കുന്ന ഈ മേഖലയിലെ പ്രതിഭകൾ തുടങ്ങിയവരെ വിദേശത്ത് നിന്നും ആകർഷിച്ച് യുകെയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിനാണ് ഈ വർഷം ലോഞ്ച് ചെയ്യുന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ബോറിസ് വിശദീകരിക്കുന്നു.

പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിനും ജീവിക്കുന്നതിനും ഏറ്റവും അനുയോജ്യമായ ഇടം യുകെയാണെന്ന് ഇത്തരം പ്രതിഭകൾക്ക് ഉറപ്പേകുന്ന വിധത്തിലായിരിക്കും പുതിയ വീസ സംവിധാനം നടപ്പിലാക്കുന്നത്. ഇത്തരം ആശയങ്ങൾക്ക് അവർക്ക് രാജ്യത്തെ മുൻനിര യൂണിവേഴ്സിറ്റികൾ, സ്ഥാപനങ്ങൾ തുടങ്ങിയവുമായി ചർച്ച ചെയ്യുന്നതിനും വഴിയൊരുക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ