ഗാൾവേ: ഗാൾവേ സെൻറ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവകയുടെ വെക്കേഷൻ ബൈബിൾ സ്കൂളും ഓഗസ്റ്റ് 15, 16 (വ്യാഴം, വെള്ളി ) തീയതികളിൽ നടത്തപ്പെടുന്നു.
വി. മാതാവിന്റെ വാങ്ങിപ്പ് പെരുനാളിനോടനുബന്ധിച്ചു ഓഗസ്റ്റ് 15 നു രാവിലെ എട്ടിന് വി. കുർബാന. . തുടർന്നു വി. ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാർഥന, കൈമുത്തു നേർച്ചവിളന്പു എന്നിവ നടത്തപ്പെടും. തുടർന്ന് 9.30ന് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. ബിജു പാറേക്കാട്ടിൽ നിർവഹിക്കും. ഉദ്ഘാടനത്തിനുശേഷം കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസുകളായി തിരിച്ചു വിബിഎസ് നടത്തപ്പെടുന്നു.
അവധി സമയം അലക്ഷ്യമായും അരോചകമായും ചിലവഴിക്കാതെ ക്രൈസ്തവദർശനത്തിലൂന്നി ഫലപ്രദമായി അവധിക്കാലം ചിലവഴിക്കാൻ വിബിഎസ് കുട്ടികളെ സഹായിക്കുന്നു. പതിവ് അധ്യാപന ശൈലിയിൽ നിന്നും വ്യത്യസ്തമായി സംഗീതം, നടനസംഗീതം, ചിത്രവരയ്ക്കൽ, ചായമടിക്കൽ , കിരീടനിർമ്മാണം തുടങ്ങിയ മാർഗങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആഗസ്റ്റ് 16ന് 9.30നു തുടങ്ങുന്ന വിബിഎസ് ക്ലാസുകൾ തലേദിവസത്തെ തുടർച്ചയായി ക്ലാസുകൾ നടത്തപ്പെടും. അന്നേദിവസം ഉച്ചയ്ക്കുശേഷം റാലി, പൊതുസമ്മേളനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയോടുകൂടി ഏകദേശം നാലുമണിയോടുകൂടി വിബിഎസ് സമാപിക്കുന്നതാണ്. വെക്കേഷൻ ബൈബിൾ സ്കൂളിലേക്കു സമീപ സഹോദര ഇടവകകളിൽ നിന്നുള്ള എല്ലാ ദൈവമക്കളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ .ബിജു പാറേക്കാട്ടിൽ, ട്രസ്റ്റി ബിജു പാലക്കൽ, സെക്രട്ടറി ഗലിൽ പി.ജെ കിൽറഷ് ജോയിന്റ് സെക്രട്ടറി ബിബി പോൾ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: നോബി സി. മാത്യു
ഗാൾവേ പള്ളിയിൽ വി. മാതാവിന്റെ വാങ്ങിപ്പ് പെരുനാളും വെക്കേഷൻ ബൈബിൾ സ്കൂളും
10:47 PM Aug 08, 2019 | Deepika.com