സ്റ്റോക്ക്ഹോം: ലോകത്താകമാനം വിറ്റഴിച്ച അഞ്ച് ലക്ഷത്തിലധികം ഡീസൽ കാറുകൾ വോൾവോ തിരിച്ചു വിളിക്കുന്നു. ഇതിൽ സ്വീഡനിൽ വിറ്റഴിച്ച ഏകദേശം 86,000 കാറുകൾ തിരിച്ചു വിളിക്കാൻ നോട്ടീസ് നൽകിക്കഴിഞ്ഞു. ഡീസൽ എൻജിനിലെ തകരാറാണ് കാരണം. ചില സാഹചര്യങ്ങളിൽ എൻജിനു തീപിടിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്.
ഈ തകരാറ് കാരണം ഇതുവരെ അപകടങ്ങളോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. താപനില വർധിക്കുന്പോൾ പ്ലാസ്റ്റിക് ഭാഗം ഉരുകാനുള്ള സാധ്യത തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
2014നും 2019നും ഇടയിൽ നിർമിച്ച ഫോർ സിലിൻഡർ ഡീസൽ എൻജിൻ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. വി40, വി60, വി70, എസ്80, എക്സ് സി 60, എക്സ് സി 90 എന്നിവയാണ് മോഡലുകൾ.
മോട്ടോറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറൊന്നും കാണാത്തിടത്തോളം കാർ ഉപയോഗിക്കാൻ സുരക്ഷിതമാണെന്നും ഉപയോക്താക്കളെ കന്പനി അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വോൾവോ അഞ്ച് ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു
10:03 PM Jul 23, 2019 | Deepika.com