കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് അദ്ദേഹത്തെ ആദരിക്കുന്നതിന് യുക്മ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ കഐസ്എഫ്ഇ ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമൻ എന്നിവരുടെയും യുക്മ ദേശീയ ഭാരവാഹികൾ സ്പോണ്സർമാരായ അലൈഡ് ഫിനാൻസിയേഴ്സ് പ്രതിനിധികളായ ജോയി തോമസ്, ബിജോ ടോം എന്നിവരുടെയും സാന്നിധ്യത്തിലാണ് യുക്മ യു ഗ്രാന്റ് 2019 പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നത്.
യുക്മ യു ഗ്രാൻറ് 2019 ന്റെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. യുക്മ ദേശീയ കായികമേള ഉദ്ഘാടന വേദിയിൽ യുക്മയുടെ പ്രഥമ ദേശീയ പ്രസിഡന്റ് വർഗീസ് ജോണിന് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള ടിക്കറ്റ് വിൽപ്പന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കൂടുതൽ ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഈ വർഷം യുകെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു ഗ്രാൻറ് 2019 ന്റെ ഈ വർഷത്തെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് 24 ഗ്രാമിന്റെ സ്വർണ നാണയങ്ങളും, മൂന്നാം സമ്മാനാർഹന് 16 ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങളും നൽകപ്പെടുന്നു.
ഒരു പവൻ വീതം തൂക്കം വരുന്ന 16 സ്വർണ നാണയങ്ങളാണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ എട്ട് റീജണുകൾക്കും രണ്ട് വീതം സ്വർണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. പതിവുപോലെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസാണ് യുക്മ യു ഗ്രാൻറ് 2019 ന്റെ സമ്മാനങ്ങൾ എല്ലാം സ്പോണ്സർ ചെയ്തിരിക്കുന്നത്.
യുക്മ ദേശീയ റീജണൽ പരിപാടികൾക്ക് പൂർണമായി സ്പോണ്സർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യുക്മ യു ഗ്രാൻറിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് പറഞ്ഞു.
യു ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യഘട്ട വിൽപ്പന അസോസിയേഷനുകളുടെ തിരുവോണ ആഘോഷങ്ങളോടനുബന്ധിച്ച്, സെപ്റ്റംബർ രണ്ടാം വാരത്തോടെ അവസാനിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. ഒക്ടോബർ മാസം നടക്കുന്ന യുക്മ റീജണൽ കലാമേളകളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നവംബറിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും.
യുക്മ ദേശീയ ട്രഷറർ അനീഷ് ജോണ്, ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവരാണ് യുക്മ യുഗ്രാന്റ് 2019 ന്റെ ചുമതല നിർവഹിക്കുക. യുക്മ ദേശീയ റീജിയണൽ ഭാരവാഹികളും പോഷക സംഘടനാ പ്രവർത്തകരും അടങ്ങുന്ന ടീം ഏകോപന സമിതിയായി പ്രവർത്തിക്കും. ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജണും, അസോസിയേഷനും പ്രോൽസാഹനമായി പ്രത്യേക ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.