വാൽസിംഗ്ഹാം: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ വാൽസിംഗ്ഹാമിലേക്കു ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാമത് തീർഥാടനത്തിൽ ആയിരങ്ങൾ പങ്കുചേർന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വൈദികരുടെയും, സിസ്റ്റേഴ്സിന്റെയും, അല്മായ നേതാക്കളുടെയും നേതൃത്വത്തിൽ ജപമാല സ്തുതികളും മരിയൻ കീർത്തനങ്ങളുമായി എത്തിയ തീർഥാടകർ ഇംഗ്ലണ്ടിന്റെ നസ്രത് എന്ന പുകൾപെറ്റ വാൽസിംഗ്ഹാമിന് മരിയ ഭക്തിയുടെ പുത്തൻ പ്രാർത്ഥനാനുഭവമാണ് പകർന്നു നൽകിയത് .
രാവിലെ മുതൽ ഇടമുറിയാതെ കിലോമീറ്ററുകൾ താണ്ടി പ്രത്യേക വാഹനങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും എത്തിയ തീർഥാടകർ പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥം യാചിച്ചാണ് കടന്നുപോയത്. രാവിലെ ഒന്‍പതിന് ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ്, ഫാ. ടോമി എടാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ദിവ്യകാരുണ്യ ആരാധനയെത്തുടർന്നു 11ന് ഫാ. തോമസ് അറത്തിൽ എം. എസ്.റ്റി. മരിയൻ പ്രഭാഷണം നടത്തി. കുടുംബ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോയ പരിശുദ്ധ അമ്മയെപ്പോലെ മറ്റൊരു കുടുംബ നാഥയും ഈ ലോകത്തിലുണ്ടായിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് സീറോമലബാർ സഭയുടെ പാരന്പര്യവും തനിമയും , പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിളിച്ചോതിയ ജപമാല പ്രദക്ഷിണം നടന്നു. ആഘോഷമായ വിശുദ്ധ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ കാർമികത്വം വഹിച്ചു.
’വിശ്വാസകാര്യത്തിൽ പതർച്ചയുണ്ടാവുന്നത് ദൈവം ചെയ്ത കാര്യങ്ങളെപ്പറ്റി നമുക്ക് ഓർമയില്ലാത്തതു കൊണ്ടാണെന്ന് സുവിശേഷ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥവും കാനായിലെ കല്യാണവിരുന്നിലെ വേലക്കാർക്കു തുല്യമായ അനുസരണവും ഉണ്ടായെങ്കിൽ മാത്രമേ ദൈവത്തിന്റെ പ്രവൃത്തി നമുക്ക് കാണാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ജനറാൾമാരായ മോണ്‍. ആന്റണി ചുണ്ടലിക്കാട്ട്, മോണ്‍. സജിമോൻ മലയിൽ പുത്തൻപ്പുരയിൽ, മോണ്‍. ജോർജ് ചേലക്കൽ, മോണ്‍. ജിനോ അരീക്കാട്ട്, ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലും യുകെയുടെ വിവിധ ഭാഗങ്ങളിലും ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികർ തുടങ്ങിയവർ സഹകാർമികരായി.
ആതിധേയരായ കോൾചെസ്റ്റർ കമ്മ്യൂണിറ്റി ഡയറക്ടർ ഫാ. തോമസ് പാറക്കണ്ടത്തിൽ, ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ തീർഥാടനത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി. രൂപതയുടെ നാലാമത് വാൽസിംഗ്ഹാം തീർഥാടനം 2020 ജൂലൈ 18 ന് ഹേവർഹിൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടക്കും.
വാൽസിംഗ്ഹാം തീർഥാടനം ഭക്തിസാന്ദ്രം
08:01 PM Jul 22, 2019 | Deepika.com