അന്നഗ്രെറ്റ് ജർമനിയുടെ പുതിയ പ്രതിരോധ മന്ത്രി

10:27 PM Jul 17, 2019 | Deepika.com
ബർലിൻ: ഉർസുല വോൻ ഡെർ ലെയൻ യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ അന്നഗ്രെറ്റ് ക്രാന്പ് കാറൻബോവർ ജർമനിയുടെ പുതിയ പ്രതിരോധ മന്ത്രിയാകും.

ചാൻസലർ ആംഗല മെർക്കലിന്‍റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന്‍റെ പ്രസിഡന്‍റാണ് അന്നഗ്രെറ്റ് ഇപ്പോൾ. തന്‍റെ ആസ്ഥാനം പൊതു ഓഫീസിൽ നിന്നു പാർട്ടി ഓഫീസിലേക്കു മാറ്റണമെന്നും പാർട്ടിക്കു വേണ്ടി പല കാര്യങ്ങളും ചെയ്യാനുണ്ടെന്നും അന്നഗ്രെറ്റ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും മെർക്കൽ അവരെ മന്ത്രിസഭയിലെ സുപ്രധാന പദവിയിൽ ഇരുത്തുകയാണ് ചെയ്തിരിക്കുന്നത്.

ആരോഗ്യ മന്ത്രി യെൻസ് സ്പാനെ പ്രതിരോധ വകുപ്പിന്‍റെ ചുമതലയിലേക്കു മാറ്റുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാൽ എല്ലാവരെയും അന്പരപ്പിക്കുന്ന നീക്കത്തിലൂടെയാണ് അന്നഗ്രെറ്റിനെ മെർക്കൽ തന്‍റെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്.

മെർക്കലിന്‍റെ പിൻഗാമിയായി അടുത്ത തെരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനത്തേക്കു മത്സരിക്കേണ്ടയാളാണ് അന്നഗ്രെറ്റ്. ആ നിലയ്ക്ക് ആവശ്യമായ ഭരണ പരിചയം കൂടി നൽകുക എന്ന ലക്ഷ്യം മെർക്കലിനുണ്ടെന്നാണ് വിലയിരുത്തൽ. കാരൻബൗവർ പുതിയ സ്ഥാനം ഏറ്റെടുക്കുന്നതോടെ സിഡിയു പാർട്ടിക്ക് പുതിയ പ്രസിഡന്‍റിനെ തേടേണ്ടി വരും.


ഉർസുല ഫോണ്‍ ഡേർ ലെയന് യാത്രയയപ്പു നൽകി

യൂറോപ്യൻ യൂണിയൻ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജർമൻ പ്രതിരോധമന്ത്രി ഉർസുല ഫോണ്‍ ഡെർ ലെയന് മെർക്കലിന്‍റെ വിശാല മുന്നണി സർക്കാർ യാത്രയയപ്പു നൽകി.ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ ചാൻസലർ ആംഗല മെർക്കൽ മന്ത്രി ലെയെന് ബൊക്ക നൽകി.

മെർക്കലിന്‍റെ അറുപത്തിയഞ്ചാം പിറന്നാൾ ദിനമായ ജൂലൈ 17 ന് തന്നെ തന്‍റെ മനസാക്ഷി സൂഷിപ്പുകാരിയായ മന്ത്രിക്ക് യാത്രയയപ്പ് നൽകിയതിൽ തെല്ലു പരിഭവം പോലും കാണിച്ചില്ല. യൂറോപ്പിന്‍റെ ഭാവി ലെയന്‍റെ കരങ്ങളിൽ ഭദ്രമാണെന്ന വിശ്വാസം പിറന്നാൾ ദിനത്തിൽ മെർക്കലിനെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നുവേണം കരുതാൻ. മെർക്കലിന്‍റെ നോമിനിയായിട്ടാണ് ലെയൻ ഇയു അധ്യക്ഷസ്ഥാനത്തേയ്ക്ക് മൽസരിച്ചത്. ലെയൻ ജയിക്കുമെന്ന ഒരു ഉറപ്പും ഇല്ലാതിരുന്നിട്ടും ജയിച്ചു കയറിയതിന്‍റെ ആത്മവിശ്വാസം മെർക്കലിന് ഏറെ ശക്തി പകരുന്നു.

ഭരണമുന്നണിയിലെ പാർട്ടി സഹപ്രവർത്തകർ നൽകിയ വിടവാങ്ങൽ ചടങ്ങിൽ ലെയൻ ഹ്രസ്വമായി സംസാരിച്ചു.

മെർക്കലിന്‍റെ പിറന്നാൾ ആഘോഷിന്‍റെ മധുരിമ ലെയന്‍റെ സ്ഥാനലബ്ധ്യേ കൂടുതൽ മധുരമാക്കുന്നു എന്നാണ് മന്ത്രിസഭാംഗങ്ങൾ വിശേഷിപ്പിച്ചത്. പിറന്നാളാഘോഷംപോലെ ഒരു ചൂടുള്ള വിടവാങ്ങൽ കരഘോഷം ഉയർന്നതും ഏവരുടെയും മുഖത്ത് പുഞ്ചിരിയുടെ മൊട്ടുകൾ വിടർന്നതും ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍റെ പ്രത്യേകതയായി. പുതിയ പ്രതിരോധമന്ത്രിയായി സിഡിയു പാർട്ടി ചീഫായ അന്നെഗ്രെറ്റ് കാരൻബൗവർ സ്ഥാനമേൽക്കും. പ്രസിഡന്‍റ് വാൾട്ടർ സ്റ്റൈൻമയർ അവധിയിൽ ആയതുകൊണ്ട് പ്രസിഡന്‍റ് എത്തിയാലുടൻ സ്ഥാനാരോഹണം നടക്കും. വലിയൊരു കടന്പയായി നിന്ന ഇയു അധ്യക്ഷസ്ഥാനം നേടിയതിന്‍റെ സന്തോഷത്തിൽ മെർക്കൽ അടുത്ത മൂന്നാഴ്ചക്കാലം വേനൽ അവധിയിൽ പ്രവേശിക്കുന്നതോടെ യൂറോപ്പിലെ രാഷ്ട്രീയം അൽപ കാലത്തേയ്ക്ക് ശാന്തമാവും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ