ബർലിൻ: ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ ആരോഗ്യ നിലയിൽ കൂടുതൽ ആശങ്കകൾ ഉയർത്തിക്കൊണ്ട് ദേശീയഗാന സമയത്ത് എഴുന്നേൽക്കാതെ പ്രോട്ടോകോൾ ലംഘനം. ഒരു മാസത്തിനിടെ മൂന്നാം തവണയും വിറയൽ അനുഭവപ്പെട്ടതിനെത്തുടർന്ന് അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഒൗദ്യോഗിക ചടങ്ങിൽ മെർക്കൽ ദേശീയഗാന സമയത്ത് എഴുന്നേൽക്കാതിരുന്നത്.
ഡെൻമാർക്കിന്റെ പുതിയ പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്സനെ സ്വീകരിച്ച ശേഷം പോഡിയത്തിലേക്കെത്തിയ മെർക്കൽ അതിഥിയെയും കൂട്ടി ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് മാധ്യമ പ്രവർത്തകർ വിറയലിനെക്കുറിച്ച് ചോദിച്ചെങ്കിലും മെർക്കൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. പരിശോധനകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ആവർത്തിച്ച് അന്വേഷിച്ചവരോട്, ഒൗദ്യോഗിക തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യ കാര്യത്തിലും താൻ ശ്രദ്ധിക്കുന്നുണ്ടെന്നു മാത്രമാണ് അവർ മറുപടി പറഞ്ഞത്. ഡാനിഷ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനമായിരുന്നതിനാൽ മാധ്യമങ്ങൾ കൂടുതൽ വ്യക്തിപരമായ ചോദ്യങ്ങളിലേക്കു കടന്നില്ല.
ആരോഗ്യത്തോടെയിരിക്കണമെന്ന് വ്യക്തിപരമായി നിർബന്ധമുള്ള സാഹചര്യത്തിൽ അതിനാവശ്യമുള്ള കാര്യങ്ങൾ താൻ ചെയ്യുന്നുണ്ടെന്നു പറഞ്ഞ് മെർക്കൽ ഈ വിഷയം അവസാനിപ്പിക്കുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മെർക്കലിന്റെ ആരോഗ്യനില; പ്രോട്ടോക്കോളിൽ മാറ്റം
10:48 PM Jul 12, 2019 | Deepika.com