വാൽസിംഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാമത് വാൽസിംഹാം തീർഥാടനം ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒന്പതിനു ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും.
പരി. അമ്മയുടെ സന്നിധേയത്തിൽ തങ്ങളുടെ പ്രാർഥനയും, മാതൃ ഭക്തിയും സ്നേഹവും പ്രകടമാക്കുവാനായി മലയാളി മാതൃ ഭക്തർ നീക്കിവച്ചിരിക്കുന്ന ഈ സുദിനം പൂർണമായി മാതൃ സമക്ഷത്തിലായിരിക്കുവാനും പ്രാർഥനയിൽ നിറയുവാനും ഏവരും രാവിലെ തന്നെ എത്തുവാൻ ശ്രമിക്കണമെന്ന് മാർ സ്രാന്പിക്കൽ അഭ്യർത്ഥിച്ചു.തുടർന്ന് മരിയൻ പ്രഘോഷണ പ്രസംഗം പ്രമുഖ ധ്യാന ഗുരുവും, ഡിവൈൻ റിട്രീറ് സെന്റർ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ വിസി നടത്തും.
മരിയൻ പ്രഘോഷണത്തിനു ശേഷം കുട്ടികളെ അടിമവയ്ക്കുന്നതിനും തുടർന്ന് ഭക്ഷണത്തിനുള്ള ഇടവേളയുമാണ്. 12.45നു മരിയൻ തീർഥാടനം ആരംഭിക്കും. ഉച്ചകഴിഞ്ഞു 2.45നു മാർ സ്രാന്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷപൂർവമായ സമൂഹബലി അർപ്പിക്കും. വികാരി ജനറാളുമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ.ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട് എന്നിവരോടൊപ്പം യുകെ യുടെ വിവിധ ഭാഗങ്ങളിലായി അജപാലന ശുശ്രുഷ നിർവഹിക്കുന്ന സീറോ മലബാർ വൈദികരും സഹകാർമ്മികരാവും.
മാതൃഭക്തർക്കായിമിതമായ നിരക്കിൽ സ്വാദിഷ്ടമായ കേരളീയ ചൂടൻ ഭക്ഷണ വിതരണത്തിന് വിവിധ കൗണ്ടറുകൾ അന്നേ ദിവസം തുറുന്നു പ്രവർത്തിക്കുന്നതാണ്.
ഏറ്റവും ശക്തയായ മധ്യസ്ഥ പരി. മാതാവിന്റെ സംരക്ഷണത്തിനായി മാതൃഭക്തർ ഏവരും ജൂലൈ 20 നു പ്രാർഥിച്ചൊരുങ്ങി തീർഥാടനത്തിൽ പങ്കു ചേരുവാനും മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാനും തോമസ് പാറക്കണ്ടത്തിൽ അച്ചൻ, ജോസ് അന്ത്യാംകുളം അച്ചൻ എന്നിവർ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
തീർത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരായ ടോമി പാറക്കൽ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാൻ താൽപര്യപ്പെടുന്നു.
THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ
വാൽസിംഹാം തീർഥാടനം ജൂലൈ 20 ശനിയാഴ്ച; തിരുക്കർമ്മങ്ങൾ രാവിലെ 9ന് ആരംഭിക്കും
10:44 PM Jul 12, 2019 | Deepika.com