ബർലിൻ: ജർമനിയിൽ പകൽ താപനില നാൽപ്പതു ഡിഗ്രിയിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന ദേശീയ പാതയായ ഹൈവേകളിൽ (ഓട്ടോബാൻ) വേഗ നിയന്ത്രണം ഏർപ്പെടുത്തി. അത്യുഷ്ണം കാരണം റോഡ് തകരാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകരുതൽ.
വേഗ നിയന്ത്രണമില്ലാത്ത യൂറോപ്പിലെ തന്നെ അത്യപൂർവം ദേശീയപാതകളിലൊന്നായിരുന്നു ഓട്ടോബാൻ. ഇന്ധനക്ഷമത വർധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ഇവിടെ വേഗ പരിധി ഏർപ്പെടുത്തണമെന്ന നിർദേശം പോലും നിരാകരിക്കപ്പെട്ട സ്ഥാനത്താണ് ചൂട് പേടിച്ച് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ റോഡ് തകർന്നതു ശ്രദ്ധിക്കാതിരിക്കുകയോ, പെട്ടെന്ന് ബ്രേക്കിടുകയോ ചെയ്താൽ ഉണ്ടാകാവുന്ന അപകടസാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കോണ്‍ക്രീറ്റിൽ നിർമിച്ചിരിക്കുന്ന റോഡിന്റെ ഭാഗങ്ങൾ ചൂട് കൂടുന്പോൾ വിണ്ടു കീറാനും ഇളകിപ്പോകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ റിപ്പോർട്ട് നൽകിയിരുന്നു. എ9, എ38 റോഡുകളിലെ നിരവധി സെക്ഷനുകളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ വേഗ നിയന്ത്രണം നടപ്പായിക്കഴിഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അത്യുഷ്ണത്തിൽ റോഡ് തകരുമെന്ന് ആശങ്ക; ജർമൻ ഹൈവേകളിൽ വേഗ നിയന്ത്രണം
12:15 AM Jun 27, 2019 | Deepika.com