ശനിയാഴ്ച വൈകുന്നേരം മൂന്നിന് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഷ്രൂഷ്ബറി രൂപതയുടെ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ദിവ്യബലിയും നൊവേനയും നടക്കും. തുടർന്ന്വൈകുന്നേരം അഞ്ചിന് ഫോറം സെൻററിലേക്കുള്ള ഗേറ്റുകൾ തുറക്കും 5.30 ന് കലാസന്ധ്യക്കു തിരി തെളിയുമെന്നു ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു. തുടർന്ന് നാലുമണിക്കൂറിൽ ഏറെ ഇടത്തടവുകൾ ഇല്ലാതെ പരിപാടികൾ അരങ്ങേറും.
യുകെയുടെ മലയാറ്റൂർ എന്ന് പേരുകേട്ട മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ.തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്കാണ് ശനിയാഴ്ച തുടക്കമാവുന്നത്. പ്രധാന തിരുന്നാൾ ജൂലൈ 6 ശനിയാഴ്ച നടക്കും. കൊടിയേറ്റത്തെ തുടർന്ന് ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും നടക്കും. പ്രധാന തിരുനാൾ ദിനമായ ജൂലൈ 6നു തിരുനാൾ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമ്മികനാകും.
പ്രശസ്ത ഗായകരായ സാം ശിവ, സുമി അരവിന്ദ്, ബെന്നി മുക്കാടൻ, ടെലിവിഷൻ താരങ്ങളായ റെജി രാമപുരം, ഷിനോ പോൾ,അരാഫത് കടവിൽ, കോമഡി ഉത്സവം ഫെയിം നിസ്സാം കാലിക്കട്ട് തുടങ്ങീ ഒട്ടേറെ കലാകാരന്മാർ അണിനിരക്കുന്ന ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെയുള്ള ഗാനമേളയും കോമഡിയും നിറയുന്ന സൂപ്പർ മെഗാഷോ ഏവർക്കും നിരവിരുന്നാകും. തിരുന്നാൾ കൊടിയേറ്റ് ദിനമായ ജൂണ് 29 നു വൈകുന്നേരം വിഥിൻഷോ ഫോറം സെന്ററിലാണ് മെഗാ ഷോ അരങ്ങേറുക.
30 ഞാറാഴ്ച വൈകുന്നേരം 4നു നടക്കുന്ന തിരുക്കർമങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ടും, ജൂലൈ 1 തിങ്കളാഴ്ച വൈകുന്നേരം ആറിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസിലർ ഫാ. മാത്യു പിണർകാട്ടും, ജൂലൈ രണ്ടിനു ഫാ.നിക്കോളാസ് കെണ് , മൂന്നാം തീയതി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ. സജി മലയിൽപുത്തെൻപുര നാലാം തീയതി ഫാ.രഞ്ജിത്ത് മഠത്തിപ്പറന്പിൽ ജൂലൈ അഞ്ചാം തീയതിയിലെ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ആന്റണി ചുണ്ടെലിക്കാട്ട് എന്നിവരും കാർമ്മികരാകും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 6 രാവിലെ 10 ന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. അന്നേദിവസം തിരുന്നാളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ പിതാവിനെയും, വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകന്പടിയോടെ സെൻറ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂർവമായ തിരുന്നാൾ കുർബാനക്ക് തുടക്കമാകും.
എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ തിരുനാൾ നടക്കുന്നത്. യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററിലായിരുന്നു. ഇടവ വികാരി ഫാ ജോസ് അഞ്ചാനിക്കലിന്റെയും ട്രസ്റ്റി മാരായ സിബി ,ബിജോയ്, ജോബി എന്നിവരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സിറോ മലബാർ മാഞ്ചസ്റ്റർ മിഷൻ കോർഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ