ഡബ്ലിൻ: ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അയർലൻഡിലെ മലയാളികളുടെ മുഴുവൻ സമ്മർ ഫെസ്റ്റിവലായി മാറിക്കഴിഞ്ഞ ഡബ്ലിനിൽ നടന്ന കേരളാ ഹൗസ് കാർണിവലിൽ ഏറ്റവും ശ്രദ്ധേയ മത്സരയിനമായ വടംവലിയിൽ കോർക്കിൽ നിന്നുള്ള വിൽട്ടണ്‍ ബോയ്സ് വീണ്ടും ചാന്പ്യന്മാരായി.
അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ കോർക്കിൽ നിന്ന് തന്നെയുള്ള ഈഗിൾസ് ക്ലബിനെ പരാജയപ്പെടുത്തിയാണ് വിൽട്ടണ്‍ ബോയ്സ്, ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ വീണ്ടും ചാന്പ്യന്മാരായത്.
ബെസ്റ്റ് ഓഫ് ത്രീ മാതൃകയിൽ നടന്ന മത്സരത്തിന്റെ സെമി ഫൈനലിൽ കോർക്ക് ഈഗിൾസ്, ഡബ്ലിൻ വാരിയേഴ്സ്നെ 2-1 എന്ന നിലയിൽ തോൽപ്പിച്ച് ഫൈനൽ മത്സരങ്ങൾക്ക് അർഹത നേടിയപ്പോൾ, വിൽട്ടണ്‍ ബോയ്സ് പിറ്റസ്ബറോയെ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ പരാജപ്പെടുത്തിയാണ് ഫൈനലിൽ കോർക്ക് ഈഗിൾസിനെ നേരിടാനെത്തിയത്.
യൂറോപ്പിൽ നടന്ന ഏറ്റവും ശക്തമായ മത്സരത്തിൽ ആദ്യാവസാനം ആധിപത്യം നിലനിർത്തിക്കൊണ്ടാണ് വിൽട്ടണ്‍ ബോയ്സ് ജേതാക്കളായത്. ആക്രമണത്തിന് മുതിരാതെ പ്രതിരോധത്തിൽ ഉൗന്നി സാവധാനം എതിരാളികളെ അവശരാക്കി വിജയം കൊയ്യുന്ന തന്ത്രമിറക്കി വിജയം കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ച കോർക്ക് ഈഗിൾസിനെ പ്രതിരോധത്തിനൊപ്പം ഇടയ്ക്കിടെ ആക്രമണവും പുറത്തെടുത്തു. വിൽട്ടണ്‍ ബോയ്സ് മെല്ലെ മുന്നേറിയപ്പോൾ, ലൂക്കൻ യൂത്ത് സെന്റർ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികൾ ആവേശത്തിലായി. ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ഫൈനൽ മത്സത്തിൽ പങ്കെടുത്ത ടീം അംഗങ്ങളെ അഭിനന്ദിച്ചു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനമായി ലഭിച്ചു.
റിപ്പോർട്ട്: രാജൻ വി.
കേരളാ ഹൗസ് കാർണിവൽ വടംവലിയിൽ വിൽട്ടണ്‍ ബോയ്സ് ചാന്പ്യന്മാർ
11:12 PM Jun 24, 2019 | Deepika.com