മേയർ തെരഞ്ഞെടുപ്പിൽ എഎഫ്ഡി സ്ഥാനാർഥിക്കു പരാജയം

09:25 PM Jun 18, 2019 | Deepika.com
ബർലിൻ: ജർമനിയിൽ ആദ്യമായൊരു മേയർ സ്ഥാനാർഥിയെ വിജയിപ്പിച്ചെടുക്കാനുള്ള തീവ്ര വലതുപക്ഷ പാർട്ടി എഎഫ്ഡിയുടെ ശ്രമത്തിന് അവസാന നിമിഷത്തിൽ തിരിച്ചടി. ഗോർലിറ്റ്സിലെ മേയർ തെരഞ്ഞെടുപ്പിൽ പ്രാഥമിക ഘട്ടത്തിൽ മുന്നിലായിരുന്നത് എഎഫ്ഡി സ്ഥാനാർഥി സെബാസ്റ്റ്യൻ വിപ്പലാണ്. എന്നാൽ, അന്തിമ വോട്ടെടുപ്പിൽ അന്പത്തഞ്ച് ശതമാനം വോട്ടുമായി സിഡിയു സ്ഥാനാർഥിയാണ് ജയിച്ചു കയറിയത്.

കുടിയേറ്റ വിരുദ്ധ പാർട്ടിക്കെതിരേ സിഡിയു ജയിപ്പിച്ചെടുത്തത് ഒരു കുടിയേറ്റക്കാരനെ തന്നെയാണെന്നതും കൗതുകമായി. വർഷങ്ങൾക്കു മുൻപ് റൊമാനിയയിൽ നിന്നു കുടിയേറിയ ഒക്റ്റേവിയൻ ഉർസുവാണ് നഗരത്തിന്‍റെ പുതിയ മേയർ.

തൊഴിലവസരങ്ങളുടെ കുറവു കാരണം യുവജനങ്ങൾ കൂട്ടത്തോടെ നാടുവിടുന്ന പ്രദേശമാണ് ഗോർലിറ്റ്സ്. ഇവിടെ എഎഫ്ഡിക്ക് നല്ല ജന പിന്തുണയാണുള്ളത്. ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ്, ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ തുടങ്ങി നിരവധി ഹോളിവുഡ് സിനിമകൾക്ക് പശ്ചാത്തലമായിരുന്നു ഈ നഗരം. എഎഫ്ഡിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് നിരവധി നടീനടൻമാർ ഇവിടുത്തെ ജനങ്ങൾക്ക് വോട്ടെടുപ്പിനു മുൻപ് തുറന്ന കത്തയച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ