ജോണ്‍ കൊച്ചുകണ്ടത്തിലിന് ജർമൻ മലയാളി സമൂഹത്തിന്‍റെ അശ്രുപൂജ

09:36 PM Jun 14, 2019 | Deepika.com
ബോണ്‍: ജർമൻ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന ജോണ്‍ കൊച്ചുകണ്ടത്തിലിന് ജർമൻ സുഹൃത്തുക്കൾ ഉൾപ്പടെ മലയാളി സമൂഹം അശ്രുപൂജയോടെ അന്ത്യാഞ്ജലിയർപ്പിച്ചു. സംസ്കാര കർമങ്ങൾ റ്യോസ്റാത്തിലെ സെന്‍റ് നിക്കോളാസ് ദേവാലയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് ദിവ്യബലിയോടുകൂടി ആരംഭിച്ചു. സീറോ മലബാർ റീത്തിൽ നടന്ന ദിവ്യബലിയിൽ ഇടവക ചാപ്ളെയിൻ ഫാ. ജോസ് വടക്കേക്കര സിഎംഐ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ മാണി കുഴികണ്ടത്തിൽ സിഎംഐ (ഒസ്നാബ്രുക്ക്) എന്നിവർ സഹകാർമികരായിരുന്നു. . ഇഗ്നഷ്യസ് അച്ചൻ ആമുഖ പ്രസംഗവും ജോസ് അച്ചൻ അനുശോചന പ്രസംഗവും നടത്തി. തുടർന്ന് മൃതദേഹം ഹോഫ്നുഗ്സ്താൾ ഫോൾബർഗ് സിമിത്തേരിയിൽ സംസ്കരിച്ചു. സിമിത്തേിരിയിലെ ശുശ്രൂഷകൾക്ക് ഫാ. അലക്സാണ്ടർ (ബെൽജിയം) മുഖ്യകാർമികത്വം വഹിച്ചു.

യുകെ, സ്വിറ്റ്സർലൻഡ്, വിയന്ന എന്നിവിടങ്ങളിൽ നിന്നുള്ള ജോണിന്‍റെ ബന്ധുക്കളും ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ഉൾപ്പടെ ഒരു വൻജനാവലി അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

തുടർന്നു ദേവാലയ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ
ഫാ.മാണി കുഴികണ്ടത്തിൽ സിഎംഐ അധ്യക്ഷത വഹിച്ചു.ജോളി എം പടയാട്ടിൽ(പ്രസിഡന്‍റ്, ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ്)ഫാ.അലക്സാണ്ടർ(ഇൻഡ്യൻ ഓർത്തഡോക്സ് സഭ), ജോളി തടത്തിൽ (ചെയർമാൻ, ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ), തോമസ് അറന്പൻകുടി (ഗ്ളോബൽ ട്രഷറാർ, ഡബ്ല്യുഎംസി), ഗ്രിഗറി മേടയിൽ (പ്രസിഡന്‍റ്, ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ), ജോസ് പുതുശേരി (പ്രസിഡന്‍റ് കേരള സമാജം കൊളോണ്‍, ചെയർമാൻ സെൻട്രൽ കമ്മറ്റി ഓഫ് കേരള അസോസിയേഷൻസ് ഇൻ ജർമനി, മാനേജിംഗ് എഡിറ്റർ നമ്മുടെ ലോകം), ഡേവീസ് വടക്കുംചേരി (കോഓർഡിഷേൻ കമ്മറ്റി കണ്‍വീനർ, ഇൻഡ്യൻ കമ്യൂണിറ്റി, കൊളോണ്‍), പോൾ ഗോപുരത്തിങ്കൽ (ചെയർമാൻ ഇൻഡ്യൻ സ്കൂൾ, ഗ്ളോബൽ മലയാളി ഫെഡറേഷൻ, പോർസ് കുടുംബകൂട്ടായ്മ പ്രതിനിധി), ജിൻസണ്‍ ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ (ഒഐസിസി ഗ്ളോബൽ ഗ്ളോബൽ സെക്രട്ടറി, കോഓർഡിനേറ്റർ, ഒഐസിസി യൂറോപ്പ് ), തോമസ് കണ്ണങ്കേരിൽ (മുൻ ഗ്ളോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി) എന്നിവർ അനുശോചന പ്രസംഗം നടത്തി. ജോസ് കുന്പിളുവേലിൽ പരിപാടികൾ കോർഓർഡിനേറ്റ് ചെയ്തു. കെപിസിസിയും അനുശോചിച്ചിരുന്നു.

വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് ചെയർമാൻ, യൂറോപ്പ് റീജിയൻ പ്രസിഡന്‍റ്, ഗ്ളോബൽ വൈസ് പ്രസിഡന്‍റ്, കൗണ്‍സിലർ തുടങ്ങിയ തലങ്ങളിൽ വിവിധ നിലകളിൽ നിരവധി തവണ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ജോണ്‍ കൊച്ചുകണ്ടത്തിലിന്‍റെ ആകസ്മിക വേർപാട് ഡബ്ല്യുഎംസിയ്ക്ക് മാത്രമല്ല ജർമൻ മലയാളി സമൂഹത്തിനു തന്നെ ഒരു തീരാനഷ്ടമായി. വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ആവിർഭാവം മുതൽ സംഘടനയെ മാറോടുചേർത്തു പ്രവർത്തിച്ച ജോണിന്‍റെ സേവനം ഒരിയ്ക്കലും വിസ്മരിയ്ക്കാനാവില്ല. കഴിഞ്ഞ വർഷം ബോണിൽ നടന്ന ഗ്ളോബൽ കോണ്‍ഫ്രൻസിൽ ജോണിന്‍റെ മുൻനിരയിൽ നിന്നുള്ള പ്രവർത്തനം സമ്മേളത്തെ വിജയത്തിലെത്തിയ്ക്കാൻ സഹായിച്ചിരുന്നു.

തന്‍റേതായ കാഴ്ചപ്പാടിൽ ജർമനിയിലെ മലയാളി മാദ്ധ്യമ രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഒഐസിസി ജർമനിയുടെ കോഓർഡിനേറ്ററായിരുന്നു. നല്ലൊരു സംഘാടകനായി ജർമൻ മലയാളി സമൂഹത്തിൽ തിളങ്ങി നിന്ന ജോണ്‍ ജർമനിയിലെ സാമൂഹ്യ, സാംസ്കാരിക, സംഘടനാ, ചാരിറ്റി പ്രവർത്തനത്തിൽ തന്േ‍റതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മനുഷ്യ സ്നേഹിയായിരുന്നു.

ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ നെടുംതൂണായി ദീർഘകാലം പ്രവർത്തിച്ചിരുന്ന ജോണ്‍ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായിരുന്നു. ഹൃദ്യവും മാന്യതയും നിസ്വാർത്ഥതയും മുഖമുദ്രയാക്കിയുള്ള പെരുമാറ്റവും കളങ്കരഹിതമായ സ്നേഹസൗഹൃദവും കൊണ്ട് അദ്ദേഹം ജർമൻ മലയാളികൾക്കിടയിൽ വലിയൊരു സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു. ഏതു സമൂഹത്തിലും സർവാൽമനാ സ്വീകാര്യനായിരുന്ന ജോണിന്‍റെ തീക്ഷ്ണമായ ജ്വലിയ്ക്കുന്ന ഓർമ്മകൾക്കു മുന്പിൽ മലയാളി സമൂഹം കണ്ണിരോടെയാണ് പ്രണാമം അർപ്പിച്ചത്.

1973 ലാണ് ജർമനിയിലെത്തിയ ഹരിപ്പാട്, കരുവാറ്റാ സ്വദേശിയായ ജോണ്‍ ജർമൻ എംപ്ളോയ്മെന്‍റ് എക്സചേഞ്ചിൽ ജോലിക്കാരനായിരുന്നു. കഴിഞ്ഞ വർഷം ജോലിയിൽ നിന്നും വിരമിച്ച ജോണ്‍( 66) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ബോണിലെ മരിയൻ ഹോസ്പിറ്റലിൽ മേയ് 25 നാണ് മരിച്ചത്. ഭാര്യ നെടുംകുന്നം സ്വദേശിനി എൽസമ്മ. മക്കൾ : പ്രിയ, നിദ. മരുമകൻ:ജനിൻ പ്ളാങ്കാലായിൽ. കൊച്ചുമകൾ: മീര.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ