ലണ്ടൻ: ബ്രെക്സിറ്റ് കരാറിൽ ബ്രിട്ടനുമായി വീണ്ടും ചർച്ച നടത്താൻ യൂറോപ്യൻ യൂണിയൻ തയാറായേക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറെമി ഹണ്ട്. ജർമൻ ചാൻസലർ അംഗല മെർക്കലാണ് ഇത്തരമൊരു സൂചന തനിക്കു നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരേസ മേയുടെ പിൻഗാമിയായി മത്സരരംഗത്തുള്ളവരിലൊരാൾ കൂടിയാണ് ഹണ്ട്. വെള്ളിയാഴ്ച അദ്ദേഹം മെർക്കലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേയുടെ ബ്രെക്സിറ്റ് കരാറിൽ ഭേദഗതികൾ സാധ്യമാണെന്ന് അവരെ ബോധ്യപ്പെടുത്താനായെന്നാണ് ഹണ്ടിന്റെ വാദം.
ബ്രെക്സിറ്റ് വിഷയത്തിൽ പുതിയ പ്രധാനമന്ത്രിക്കുകീഴിൽ പരിഹാരം കണ്ടെത്താനാകുമോയെന്ന് തങ്ങൾ ഉറ്റുനോക്കുന്നുവെന്നാണ് മെർക്കൽ പറഞ്ഞത്. ബ്രെക്സിറ്റിനെ ശരിയായ രീതിയിൽ സമീപിച്ചാൽ യൂറോപ്യൻ യൂണിയൻ വീണ്ടും ചർച്ചയ്ക്ക് തയാറാകുമെന്ന് പൂർണവിശ്വാസമുണ്ടെന്നും ഹണ്ട് പറഞ്ഞു. അതേസമയം, കരാറിൽ എന്തുതരത്തിലുള്ള ഭേദഗതിയാണ് വരുത്താനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ വീണ്ടും ചർച്ചയ്ക്കു തയാറാകുമെന്ന് ജെറമി ഹണ്ട്
10:50 PM Jun 11, 2019 | Deepika.com