ഡബ്ലിൻ : അയർലൻഡിൽ മേയ് 24 നു നടക്കുന്ന കൗണ്ടി കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളിയായ ബേബി പെരേപ്പാടന്റെ പ്രചാരണ പരിപാടികൾ അവസാന ഘട്ടത്തിലെത്തി. ഭരണ കക്ഷിയായ ഫിനഗേൽ പാർട്ടി ടിക്കറ്റിൽ താല സൗത്ത് വാർഡിൽ നിന്നുമാണ് ഇദ്ദേഹം ജനവിധി തേടുന്നത്. മൊത്തം 11 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവരിൽ നിന്നും അഞ്ചു അംഗങ്ങളെ തെരഞ്ഞെടുക്കും.
രണ്ടു പതിറ്റാണ്ടോളമായി പൊതുപ്രവർത്തന രംഗത്ത് സുപരിചിതനായ പെരേപ്പാടന് ഇത്തവണ വിജയം കൊയ്യാനാവുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. 2009ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ഫിനഗേൽ താല ലോക്കൽ റപ്പായി പ്രവർത്തിച്ചു വരുന്ന ബേബി പെരേപ്പാടനെ ഐക്യകണ്ഠമായാണ് പാർട്ടി സ്ഥാനാർഥിയാക്കിയത്.
ലോക്കൽ ഇലക്ഷനോടൊപ്പം യൂറോപ്യൻ യൂണിയൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം വിവാഹ മോചനത്തെ സംബന്ധിച്ചുള്ള നിയമത്തിൽ ഹിതപരിശോധനയും നടക്കും.
അങ്കമാലി പുളിയാനം സ്വദേശിയായ ബേബി പെരേപ്പാടൻ താല എയിൽസ്ബറിയിലാണ് താമസിക്കുന്നത്. ഭാര്യ: ജിൻസി മാത്യു (നഴ്സ്, പീമൗണ്ട് ഹോസ്പിറ്റൽ, ന്യൂകാസിൽ). മക്കൾ: ബ്രിട്ടോ (മെഡിക്കൽ വിദ്യാർഥി), ബ്രോനാ (ലീവിംഗ് സെർട്ടു വിദ്യാർഥിനി).
റിപ്പോർട്ട് : ജെയ്സണ്‍ കിഴക്കയിൽ
അയർലൻഡ് തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി ബേബി പെരേപ്പാടൻ
02:59 PM May 23, 2019 | Deepika.com