ഓസ്ട്രിയയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

09:52 PM May 20, 2019 | Deepika.com
ബർലിൻ: ഓസ്ട്രിയയിൽ ചാൻസലർ സെബാസ്റ്റ്യൻ കുർസ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സഖ്യകക്ഷി നേതാവായാ ഉപചാൻസലർക്കെതിരേ അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെയാണ് സർക്കാരിന്‍റെ പതനം.

തീവ്ര വലതുപക്ഷത്തിന്‍റെ പ്രതിനിധിയായ ഹെയ്ൻസ് ക്രിസ്റ്റ്യൻ സ്ട്രാഷെ പിന്തുണയ്ക്കു പകരം വിദേശ നിക്ഷേപകർക്ക് സർക്കാരിന്‍റെ കരാറുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സർക്കാർ നിലംപതിച്ചത്.

സ്ട്രാഷെയുടെ തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടിയുടെ പിന്തുണയോടെയാണ് കർസിന്‍റെ സെന്‍റർ റൈറ്റ് പീപ്പിൾസ് പാർട്ടി ഭരണം നടത്തിയിരുന്നത്.

സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ഓസ്ട്രിയൻ പ്രസിഡന്‍റ് അലക്സാൻഡർ വാൻ ഡെർ ബെല്ലെൻ നിർദേശിച്ചിരിക്കുന്നത്. എത്രയും വേഗം പുതിയ സർക്കാർ അധികാരത്തിലെത്തണം. ഭരണഘടന അനുവദിച്ചിരിക്കുന്ന പരിധികൾക്കുള്ളിൽ നിന്ന് അതു സാധ്യമാക്കാവുന്ന പരമാവധി വേഗം സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ