ഉന്നതമായ ശുശ്രൂഷാ പൗരോഹിത്യത്തിലേക്കു കൈവയ്പു ലഭിച്ചിട്ട് കാൽനൂറ്റാണ്ടു പൂർത്തിയാകുന്ന വേളയിൽ യുകെയിലെ ക്നാനായ സഹോദരങ്ങൾ ഒരുക്കിയത് വികാരവായ്പോടെ ഉള്ള സ്നേഹ സ്വീകരണം. ബ്രിട്ടനിലേക്കുള്ള രണ്ടാം മലയാളി കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ തന്നെ മാഞ്ചസ്റ്ററിൽ ശുശ്രൂഷ ചെയ്യാൻ എത്തിയ സജി അച്ചൻ ഈ പ്രദേശത്തുള്ള മുഴുവൻ വിശ്വാസികളുടെയും അജപാലന കാര്യങ്ങളിൽ സജീവമായ ഇടപെടൽ നടത്തിയാണ് മലയാളികളുടെ മനസിൽ ഇടം നേടിയെടുത്തത്.
യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളുടെയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, രൂപതയിലേയും തദ്ദേശീയ രൂപതയിലേയും വൈദികരുടെയും നിറഞ്ഞ സാനിധ്യത്തിൽ നടന്ന ജൂബിലി ആഘോഷങ്ങൾ സജി അച്ചനോടുള്ള സ്നേഹത്തിന്റെ ആത്മാർഥമായ പ്രകടനം കൂടിയായി മാറി.
ശ്രീലങ്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവൻ വെടിഞ്ഞ വിശ്വാസികൾക്കായുള്ള പ്രത്യേക പ്രാർഥനയോടെ ആരംഭിച്ച ചടങ്ങുകൾ സജി അച്ചനോടൊപ്പം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, വികാരി ജനറാൾമാരായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് , റവ. ഫാ. ജിനോ അരീക്കാട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്, മറ്റു വൈദികർ എന്നിവർ ചേർന്നർപ്പിച്ച സമൂഹബലിയോടെയാണ് ആരംഭിച്ചത്. തുടർന്ന് ക്നാനായ പാരന്പര്യവും , തനിമയും വിളിച്ചോതുന്ന ആചാര അനുഷ്ഠാന ങ്ങളോടെ യാണ് സജി അച്ചനെയും അഭിവന്ദ്യ പിതാവിനെയും മറ്റു വിശിഷ്ട അതിഥികളെയും വേദിയിലേക്ക് ആനയിച്ചത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് സജി അച്ചൻ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അച്ചന്റെ മികച്ച സംഘാടക വൈഭവം രൂപതയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും അഭിവന്ദ്യ ജോസഫ് സ്രാന്പിക്കൽ പിതാവ് തന്റെ പ്രസംഗത്തിൽ ഓർമിച്ചു. മറ്റു വൈദികരും അൽമായ സംഘടനാ നേതാക്കളും ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. തന്റെ പൗരോഹിത്യ ജീവിതത്തിൽ തനിക്കുവേണ്ടി പ്രാർഥിക്കുകയും വിവിധ ഘട്ടങ്ങളിൽ സഹായിക്കുകയും ,പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരെയും അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. തുടർന്നും എല്ലാവരുടെയും പ്രാർഥന സഹായം അഭ്യർഥിക്കുകയും ചെയ്തു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ള എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് സെന്റ് മേരീസ് ക്നാനായ മിഷന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമാർന്നവയായിരുന്നു. ട്രാഫോർഡ്ക്നാനായ നാടക സമിതി അവതരിപ്പിച്ച വീഞ്ഞ് എന്ന നാടകത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ