പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രുഷ, വി. കുർബാന സ്ഥാപനം, വിശുദ്ധബലി തുടങ്ങിയ തിരുക്കർമങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിച്ച സെബാസ്റ്റ്യൻ അച്ചൻ ’വിശുദ്ധ ഗ്രൻഥം സാക്ഷ്യമായി ദൈവപുത്രനും രക്ഷകനുമായ ഈശോ മിശിഹായിലൂടെ നാം കണ്ടും കേട്ടും അനുഭവിച്ചും മനസിലാക്കിയ വിനയത്തിന്റെയും ലാളിത്യത്തിന്റെയും, സ്നേഹത്തിന്റെയും അനുകരണീയ ജീവിത മാതൃക നമ്മുടെ ജീവിതത്തിലും പകർത്തേണ്ടണ്ടതാണെന്നും ദൈവകൃപയുടെ അനുഗ്രഹവാതിൽ തുറന്നു കിട്ടുവാൻ ഈ കൃപകൾ അനിവാര്യമാണെന്നും ഉദ്ബോധിപ്പിച്ചു. കാൽകഴുകൽ ശുശ്രുഷകളിൽ പങ്കുചേർന്ന ’ശിഷ്യർക്കുള്ള’ ഉപഹാരങ്ങൾ അച്ചൻ വിതരണം ചെയ്തു.
ദുഃഖവെള്ളി ശുശ്രുഷകളിൽ മുഖ്യകാർമ്മികത്വം വഹിച്ച ജോജോ അച്ചൻ അനുതാപത്തിന്റെ അനിവാര്യത എടുത്തു പറഞ്ഞു. നല്ല കള്ളൻ എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ക്രൂശിൽ തറക്കപ്പെട്ട കള്ളൻ തന്റെ അവസാന നിമിഷത്തിൽ കുരിശിൽ കിടന്നുകൊണ്ട് ഈശോയോടു കാണിച്ച വിശ്വാസ പ്രഖ്യാപനവും, അനുതാപവും, അപേക്ഷയും ഏതൊരാൽമാവിന്റെയും രക്ഷയ്ക്കും നിത്യജീവനും പ്രാപിക്കുവാനുതകുന്ന മകുടോദാഹരണമാണെന്നു ഓർമ്മിപ്പിച്ചു. ദുഃഖവെള്ളി അനുബന്ധ തിരുക്കർമങ്ങൾ, പീഡാനുഭവ വായന, നാഗരികാണിക്കൽ പ്രദക്ഷിണം, കുരിശു രൂപം മുത്തൽ, കൈപ്പുനീർപാനം തുടങ്ങിയ ശുശ്രുഷകളും ഭക്ത്യാദരപൂർവം കൊണ്ടാടി. നേർച്ച കഞ്ഞിയും പയറും വിതരണത്തോടെ ദുഃഖവെള്ളിയാഴ്ചത്തെ തിരുകർമ്മങ്ങൾ സമാപിച്ചു.
ഉയിർപ്പു തിരുനാൾ സെബാസ്റ്റ്യൻ ചാമക്കാല അച്ചന്റെ നേതൃത്വത്തിൽ ആഘോഷമായി ആചരിച്ചു. മാമോദീസ നവീകരണം, പുത്തൻ വെള്ളം വെഞ്ചിരിക്കൽ ശുശ്രുഷകൾക്കു ശേഷം ഈസ്റ്റർ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ഈസ്റ്റർ സന്ദേശത്തിൽ ’ ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായാണ് ഈസ്റ്ററിനെ കാണുന്നതെന്നും, പ്രത്യാശയും പ്രതീക്ഷയും നൽകുന്ന മരണത്തെ വിജയിച്ച ക്രിസ്തു നാഥന്റെ ഉയിർപ്പു തിരുനാൾ, പിതാവായ ദൈവത്തിന്റെ നിയമങ്ങൾക്കും അനുശാസനകൾക്കും അനുസൃതമായി ജീവിക്കുവാനും, അങ്ങിനെ നിത്യ കിരീടത്തിനു അർഹനാകുവാനുള്ള ആഹ്വാനവും ഉറപ്പുമാണ് നൽകുന്നതെന്നും എന്നും ഓർമ്മിപ്പിച്ചു.
ബെന്നി ഗോപുരത്തിങ്കൽ, അപ്പച്ചൻ കണ്ണഞ്ചിറ, പ്രിൻസണ് പാലാട്ടി, സാംസണ് ജോസഫ്, മെൽവിൻ അഗസ്റ്റിൻ, സജൻ സെബാസ്റ്റ്യൻ, ജോയ് ഇരുന്പൻ, സെലിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ജോർജ് തോമസ്, ഓമന സുരേഷ്, ബിൻസി ജോർജ് ജെസി ജോസ്, ബിന്ദു അജയ് തുടങ്ങിയവർ ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകി. അഖില ചെറുവത്തൂർ, ബെന്നി അഗസ്റ്റിൻ, സിജോ കാളംപറന്പിൽ എന്നിവർ ദേവാലയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നേതൃത്വം നൽകി.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ