+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോമ്പാചരണം,അൻപതുനാൾ പിന്നിടുമ്പോൾ

ആഗോള ക്രൈസ്തവ ജനത ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളും കുരിശുമരണവും അനുസ്മരിക്കുന്ന 50 ദിവസത്തെ വലിയ നോമ്പാചരണം ഏപ്രിൽ 20 ന് പല സ്ഥലങ്ങളിലും പരിശുദ്ധാത്മ പ്രേരണയോടു കൂടിയ വചന പ്രഘോഷണത്തോടൊപ്പം ദ്രശ്യാവിഷ്‌
നോമ്പാചരണം,അൻപതുനാൾ പിന്നിടുമ്പോൾ
ആഗോള ക്രൈസ്തവ ജനത ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളും കുരിശുമരണവും അനുസ്മരിക്കുന്ന 50 ദിവസത്തെ വലിയ നോമ്പാചരണം ഏപ്രിൽ 20 ന് പല സ്ഥലങ്ങളിലും പരിശുദ്ധാത്മ പ്രേരണയോടു കൂടിയ വചന പ്രഘോഷണത്തോടൊപ്പം ദ്രശ്യാവിഷ്‌കാരത്തോടെ ആഘോഷമായി അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.

ഭയഭക്തിയോടും വൃതാനുഷ്ഠാനങ്ങളോടും സ്നേഹാദരങ്ങളോടും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാൻ വ്യഗ്രത കാണിച്ചും ആരംഭിച്ച നോമ്പ് ദിനങ്ങളിൽ ജീവിതത്തിലെ പലദുശ്ശീലങ്ങളോടും വിട പറയുമെന്ന് പ്രതിജ്ഞ സ്വീകരിച്ചവർ നിരവധിയാണ്. ക്രൂശീകരണം കഴിഞ്ഞു ക്രിസ്തുവിനെ കല്ലറയില്‍ അടക്കുന്നതുവരെ ഈ പ്രതിജ്ഞകൾ അണുവിടെ വ്യത്യാസമില്ലാതെ ആചരിച്ചിരുന്ന വലിയൊരു ജനവിഭാഗത്തെ തികച്ചും വിഭിന്നമായ രീതിയിൽ വെള്ളിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ കാണുന്നു എന്നുള്ളത് ആശ്ചര്യമുളവാക്കുന്നു.

നോമ്പു ദിവസങ്ങളില്‍ മത്സ്യ മാംസാദികളും മദ്യപാനവും ഉപേക്ഷിച്ചവര്‍ ശനിയാഴ്ച രാവിലെ മുതല്‍ ഇതെല്ലാം വാങ്ങി കൂട്ടുന്നതിനുള്ള തത്രപാടിലാണ്. ഈ നോമ്പ് ദിനങ്ങളിൽ മനസിനെ പാകപ്പെടുത്തി എടുത്തവര്‍ വീണ്ടം പൂര്‍വസ്ഥിതിയിലേക്ക് മനസിനെ തിരിച്ചു വിടുന്നു . പകയും വിദ്വേഷവും അടക്കി വച്ചിരുന്നവരില്‍ നോമ്പു കഴിയുന്നതോടെ പ്രതികാരാഗ്നി ആളിപടരുന്നു.

കല്ലറയില്‍ അടക്കിയ ക്രിസ്തു ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല എന്നാണിവരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നുക- സംഭാഷണത്തിനിടയില്‍ ഒരു സുഹൃത്തിനോടും ചോദിച്ചു, നോമ്പില്‍ താങ്കള്‍ മദ്യം കൈകൊണ്ടുപോലും തൊട്ടിട്ടില്ലല്ലോ, ജീവിതകാലം മുഴുവന്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ സാധിക്കുമോ? മറുപടി ഇപ്രകാരമായിരുന്നു. ഞാന്‍ വെള്ളിയാഴ്ച രാത്രി കഴിയുവാന്‍ കാത്തിരിക്കുകയാണ്. ഇതുവരെ കുടിക്കാതിരുന്നതിന്‍റെ ക്ഷീണം തീര്‍ക്കണ്ടേ !! നോക്കുക നോമ്പു നോറ്റതിന്റെ പൊള്ളത്തരം.

വര്‍ഷങ്ങളായി നോമ്പു നോല്‍ക്കുകയും പള്ളിയിലെ ആരാധനകളില്‍ പങ്കെടുക്കുകയും ദുഃഖവെള്ളിയാഴ്ചയിലെ കുരിശു പ്രദക്ഷിണത്തില്‍ ഏറ്റവും ഭാരം കൂടിയ കുരിശ് വഹിക്കുകയും ചെയ്യുന്ന ഒരു വിശ്വാസി യുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇതൊക്കെ ഒരു ചടങ്ങല്ലേ മരിക്കുന്നതുവരെ ഇതെല്ലാം ആചരിച്ചല്ലേ പറ്റൂ. അമ്പതു ദിവസത്തെ താത്ക്കാലിക മനഃപരിവര്‍ത്തനമാണോ ഈ നോമ്പു നോല്‍ക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്- ഒരിക്കലുമല്ല.
ക്രിസ്തുവിനെ ലോകരക്ഷിതാവായി അംഗീകരിക്കുന്ന ക്രൈസ്തവരില്‍ വലിയൊരു വിഭാഗം പരിഷ്‌കൃത ലോകത്തില്‍ നോമ്പു നോല്‍ക്കുന്നതിന്‍റേയും മുട്ടുകുത്തുന്നതിന്‍റേയും പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നവരാണ്. ഈ ചടങ്ങുകള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടേ എന്ന ചിന്തിക്കുന്നവരും ഇല്ലാതില്ല. പാശ്ചാത്യസംസ്‌കാരത്തില്‍ ജനിച്ചു വളരുന്ന യുവതലമുറക്ക് ഈ ചടങ്ങുകളില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്നതാണ് പരമാര്‍ഥം.

ചില വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പട്ടക്കാരന്‍ നോമ്പിന്‍റെ 50 ദിവസവും പ്രത്യേക പ്രാര്‍ഥനകള്‍ ദേവാലയത്തിലും ഭവനങ്ങളിലുമായി ക്രമീകരിക്കണമെന്ന് പള്ളി കമ്മിറ്റിയില്‍ നിര്‍ദ്ദേശം കൊണ്ടു വന്ന യുവാക്കളുള്‍പ്പെടെ എല്ലാവരും പട്ടക്കാരന്‍റെ അഭിപ്രായത്തെ അംഗീകരിച്ചു. മുടങ്ങാതെ നടന്ന പ്രാര്‍ഥനയില്‍ പങ്കെടുത്തവരാകട്ടെ വിരലിലെണ്ണാവുന്നവര്‍! അതില്‍ യുവതലമുറയിലെ ഒരാള്‍പോലും പങ്കെടുത്തില്ല- അതോടെ ആ ദേവലായത്തില്‍ നോമ്പിനോടനുബന്ധിച്ചുള്ള പ്രാര്‍ഥനകള്‍ സ്ഥിരമായി അവസാനിപ്പിച്ചു.

ക്രിസ്തുവിന്‍റെ ജനനത്തേയും കുരിശുമരണത്തേയും, ഉയിര്‍പ്പിനേയും വര്‍ഷത്തിലൊരിക്കല്‍ ആഘോഷിച്ചു ആത്മസംതൃപ്തി അടയുന്നവരാണ് ഭൂരിപക്ഷവും ആഘോഷങ്ങള്‍ ആവശ്യമില്ല എന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഈ അനുഭവം മനുഷ്യന്‍റെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കേണ്ടതാണ്. ഒരിക്കല്‍ ക്രിസ്തു ലോകരക്ഷിതാവായി ഭൂമിയില്‍ പിറന്നുവെങ്കില്‍, വീണ്ടും വരുന്നത് തന്‍റെ വിശുദ്ധന്മാരെ ചേര്‍ക്കുന്നതിനും ശേഷിക്കുന്നവര്‍ക്ക് ന്യായവിധിക്കുമായിരിക്കും.

ഈ യാഥാര്‍ഥ്യം ഗ്രഹിച്ചിട്ടുള്ളവര്‍ ജീവിതത്തെ പൂര്‍ണമായും ക്രമപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തുവിന്‍റെ കഷ്ടപാടുകളുടെ പൂര്‍ണത നാം ദര്‍ശിക്കുന്നത് കാല്‍വറിമലയില്‍ ഉയര്‍ത്തപ്പെട്ട ക്രൂശിലാണ്. സ്വന്തം ജനം ക്രൂരമായി തന്‍റെ ശരീരത്തെ ഭേദ്യം ചെയ്തപ്പോഴും പട്ടാളക്കാരുടെ ഇരുമ്പാണികള്‍ ഘടിപ്പിച്ച ചാട്ടവാര്‍ ശരീരത്തില്‍ ഉഴവു ചാലുകള്‍ കീറും വീധം ആഞ്ഞു പതിച്ചപ്പോഴും താടിരോമങ്ങള്‍ ആദ്രതയില്ലാത്ത പട്ടാളക്കാര്‍ പിഴുതെടുത്തപ്പോഴും അനുഭവിക്കാത്ത അതികഠിനമായ മാനസിക വ്യഥയായിരുന്ന നഷ്ടപ്പെട്ട ആത്മാക്കളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശില്‍ താന്‍ അനുവഭിച്ചത്- സകലതും നിര്‍വത്തിയായി എന്ന പറഞ്ഞു സ്വന്തം തോളില്‍ തലചായ്ച്ച് പ്രാണനെ പിതാവിന്‍റെ കയ്യില്‍ ഭാരമേല്‍പ്പിച്ചു മരണത്തിനു കീഴ്‌പ്പെട്ട് ക്രിസ്തുദേവന്റെ പീഢാനുഭവവും കുരിശുമരണവും സ്മരിക്കുന്നതിനായി 50 നോമ്പു ദിനങ്ങളില്‍ നാം എല്ലാ പ്രതിജ്ഞകളും സ്ഥായിയായി നിലനിര്‍ത്തുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.
ഓരോ ദിവസവും ഇതോര്‍ക്കുകയും, ജീവിതം പുനഃപ്രതിഷ്ഠിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാര്‍. ഭാഗ്യവാന്മാരുടെ പട്ടികയില്‍ നാം സ്ഥാനം പിടിച്ചിട്ടുണ്ടോ? നമ്മുടെ ഹൃദയാന്തര്‍ഭാഗത്തു നിന്നും ഉയരുന്ന ഉത്തരം ഈ ചോദ്യത്തിന് അനുകൂലമാണോ എന്ന് സ്വയം പരിശോധന ചെയ്യാം.

മരിച്ചു കല്ലറയില്‍ അടക്കപ്പെട്ട ക്രിസ്തുവിനെയല്ലാ, മരണത്തെ എന്നന്നേയ്ക്കുമായി പരാജയപ്പെടുത്തി വിജയശ്രീലാളിതനായി ഉയര്‍ത്തെഴുന്നേറ്റ് മാനവ ജാതിക്കു പുറമേ ജീവന്‍ പ്രദാനം ചെയ്ത് തന്നില്‍ വിശ്വസിക്കുന്നവരെ ചേര്‍ക്കുവാനായി വീണ്ടും വരുന്ന ക്രിസ്തുവിനെയത്രേ പ്രത്യാശയോടെ നാം കാത്തിരിക്കേണ്ടത്.

റിപ്പോർട്ട്:പി.പി. ചെറിയാൻ