പോര്‍ച്ചുഗീസ് ദ്വീപില്‍ ബസ് അപകടം; ജര്‍മൻകാരടക്കം 29 പേര്‍ മരിച്ചു

11:37 PM Apr 18, 2019 | Deepika.com
മെദീര: പോര്‍ച്ചുഗീസ് ദ്വീപായ മെദീരയിലുണ്ടായ ബസ് അപകടത്തില്‍ 29 മരണം. ഇവരിലേറെയും ജര്‍മനിയില്‍നിന്നുള്ള വിനോദസഞ്ചാരികളാണ്. ടൂറിസ്റ്റ് ഗൈഡും ബസിന്‍റെ ഡ്രൈവറും അടക്കം 22 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.

55 പേരാണ് ബസില്‍ ആകെയുണ്ടായിരുന്നത്. കുന്നിന്‍ ചരിവില്‍ നിയന്ത്രണം വിട്ട ബസ് താഴേക്ക് മറിഞ്ഞു പോകുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരെല്ലാം ബസ് യാത്രക്കാരല്ല. ബസ് താഴേക്ക് കരണം മറിഞ്ഞു പോകുന്ന വഴി പല വഴിയാത്രക്കാരെയും ഇടിച്ചിരുന്നു. ഇവരില്‍ ചിലരും ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹെയ്ക്കോ മാസ് അപകടസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മരിച്ചവരിൽ 18 സ്ത്രീകളും 11 പുരുഷന്മാരുമാണ്.

രണ്ടു ബസുകളിലായാണ് യാത്രാ സംഘം സഞ്ചരിച്ചിരുന്നത്. രണ്ടാമത്തെ ബസ് സുരക്ഷിതമാണ്. സാം എന്ന ടൂറിസ്റ്റ് കമ്പനിയുടേതാണ് ബസുകള്‍. അപകടം കാരണം അന്വേഷിച്ചു വരുകയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ