ബർലിനിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഏറ്റുമുട്ടി

09:23 PM Mar 23, 2019 | Deepika.com
ബർലിൻ: ജർമൻ തലസ്ഥാനത്തെ അലക്സാൻഡർ പ്ലാറ്റ്സിൽ രണ്ട് സോഷ്യൽ മീഡിയ ഗ്രൂപ്പ് അംഗങ്ങൾ തമ്മിൽ സംഘർഷം. നാനൂറോളം പേർ ഉൾപ്പെട്ട പ്രശ്നം പരിഹരിക്കാൻ പോലീസ് ഇടപെട്ടു.

യൂട്യൂബിൽ പ്രശസ്തമായ സ്റ്റുട്ട്ഗർട്ടിലെ താറ്റ്സ്ബെകിർ, ബർലിനിലെ ബഹാർ അൽ അമൂദ് എന്നീ ഗ്രൂപ്പുകളാണ് അലക്സാൻഡർ പ്ലാറ്റ്സിലെത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തത്. നാനൂറോളം പേർ എത്തുകയും, ഇതിൽ അന്പതോളം പേർ പരസ്പരം തല്ലു തുടങ്ങുകയും ചെയ്തതോടെയാണ് പോലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിട്ടത്.

അലക്സാൻഡർ പ്ലാറ്റ്സിലെ അണ്ടർഗ്രൗണ്ട് ഏരിയയിൽ പരസ്പരം കല്ലേറ് നടത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടത്തിലൊരാൾ കത്തിയെടുത്ത് ആക്രമണ ഭീഷണി മുഴക്കിയെങ്കിലും പോലീസ് തക്ക സമയത്ത് ഇടപെട്ട് ഇയാളെ കീഴടക്കി.

സംഭവത്തിൽ പോലീസ് ഒന്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പതിമൂന്ന് ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ