ഒസിഐ ചട്ടങ്ങൾ കർക്കശമാക്കുന്നു

09:38 PM Mar 22, 2019 | Deepika.com
ബർലിൻ: ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ കാർഡ് ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ എയർലൈൻ ചെക്കിൻ കൗണ്ടറുകൾ മുതൽ ഇന്ത്യയിൽ എത്തുന്പോൾ വരെ പരിശോധനകളുണ്ടാകും.

ആജീവനാന്ത വീസ എന്ന നിലയിലാണ് ഒസിഐ കാർഡ് പരിഗണിക്കപ്പെടുന്നതെങ്കിലും, 20 വയസിൽ താഴെയുള്ളവരും 50 വയസിനു മുകളിലുള്ളവരും ഓരോ തവണ പാസ്പോർട്ട് എടുക്കുന്പോഴും ഇതു പുതുക്കിയിരിക്കണം. മുഖത്തു വരുന്ന ജൈവശാസ്ത്രപരമായ മാറ്റങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു ചട്ടം.

21 മുതൽ 50 വരെ പ്രായമുള്ളവർക്ക് ഒസിഐ കാർഡ് പുതുക്കേണ്ടതില്ല. ഈ ചട്ടങ്ങൾ നേരത്തെ മുതൽ പ്രാബല്യത്തിലുള്ളതാണെങ്കിലും ഇതുവരെ കർക്കശമായി നടപ്പാക്കിയിരുന്നില്ല. ഇവ പാലിക്കാത്തതുകൊണ്ടു മാത്രം ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കാറുമില്ല. എന്നാൽ, ഇനി മുതൽ എയർലൈനുകൾക്ക് ഇത്തരം കാര്യങ്ങൾ കർക്കശമായ പരിശോധന നടത്താനാണ് നിർദേശം. അതുകൊണ്ട് പാസ്പോർട്ട് പുതുക്കിയവർ ഒസിഐ കാർഡുകൂടി പുതുക്കിയിട്ടുവേണം ഇന്ത്യയിലേയ്ക്കുള്ള യാത്ര തരപ്പെടുത്തേണ്ടത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവുകൾ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ