ഡെർബി ഗ്രാൻഡ് മിഷൻ നോമ്പുകാല ധ്യാനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

10:32 PM Mar 20, 2019 | Deepika.com
ഡെർബി: വലിയനോമ്പിന്‍റെ ചൈതന്യത്തിൽ ഡെർബി സെന്റ് ഗബ്രിയേൽ മിഷനിൽ 'ഗ്രാൻഡ് മിഷൻ' ധ്യാനം നാളെ മുതൽ വരുന്ന മൂന്നു (മാർച്ച് 22, 23, 24) ദിവസങ്ങളിലായി നടക്കും. ഡെർബി സെന്റ് ജോസഫ്‌സ് (Burton Road, DE 11 TQ) കത്തോലിക്കാ ദൈവാലയത്തിൽ നടക്കുന്ന ധ്യാന ശുശ്രുഷകൾക്കു ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ബ്രദർ റെജി കൊട്ടാരം, മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകും.

വെള്ളി വൈകുന്നേരം 5 അഞ്ചു മുതൽ ഒൻപതു വരെയും ശനിയാഴ്ച രാവിലെ 11. 30 മുതൽ വൈകിട്ട് 6. 00 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 2. 00 മുതൽ വൈകിട്ട് 7. 00 വരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാന ദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ ലഘു ഭക്ഷണം ലഭ്യമാണ്.

അറിയപ്പെടുന്ന വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരം ആണ് വചനസന്ദേശം പങ്കുവയ്ക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി ആളുകൾക്ക് ദൈവാനുഭവം പകർന്നുകൊടുക്കാൻ ബ്രദർ റെജി കൊട്ടാരത്തിന്റെ സുവിശേഷ പ്രഘോഷണത്തിനു സാധിച്ചിട്ടുണ്ട്. മിഷൻ ഡയറക്ടർ, വാർഡ് ലീഡേഴ്‌സ്, കമ്മറ്റി അംഗങ്ങൾ, വോളന്‍റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ആഗോള ക്രൈസ്തവർ സവിശേഷമായ ആല്മീയ വളർച്ചയുടെ കാലമായി പരിഗണിക്കുന്ന ഈ വലിയ നോമ്പിൽ ഒരുക്കിയിരിക്കുന്ന വചന വിരുന്നിലേക്കും മറ്റ് ആല്മീയ ശുശ്രുഷകളിലേക്കും ഏവരെയും സ്സ്വാഗതം ചെയ്യുന്നു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്