യൂറോപ്യൻ യൂണിയൻ പരിഷ്കരണം: അന്നഗ്രെറ്റിന് മെർക്കലിന്‍റെ പിന്തുണ

11:10 PM Mar 19, 2019 | Deepika.com
ബർലിൻ: യൂറോപ്യൻ യൂണിയൻ പരിഷ്കരണം സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനോടു പൂർണമായി യോജിക്കാതെ സിഡിയു നേതാവ് അന്നഗ്രെറ്റ് ക്രാന്പ് കാറൻബോവർ മുന്നോട്ടു വച്ച ആശയങ്ങൾക്ക് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ പിന്തുണ.

യൂറോപ്യൻ യൂണിയൻ ശാക്തീകരണം എന്ന പൊതു ആശയത്തിൽ മാക്രോണുമായി യോജിക്കുന്പോഴും വിശദാംശങ്ങളിലേക്കു കടക്കുന്പോൾ മാക്രോണിന്‍റെ പല ആശയങ്ങളോടും മെർക്കലിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ, അന്നഗ്രെറ്റിനെപ്പോലെ ഇത്ര പരസ്യമായും വ്യക്തമായും അവരത് ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല.

യൂറോപ്യൻ യൂണിയൻ അതിർത്തി സംരക്ഷണവും പൊതു സുരക്ഷാ സേനയും പോലുള്ള ചില വിഷയങ്ങളിൽ മാത്രമാണ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ അന്നഗ്രെറ്റ് മാക്രോണിനോടു യോജിപ്പ് പ്രകടിപ്പിച്ചിരുന്നത്. സാമൂഹിക സുരക്ഷയും ഏകീകൃത മിനിമം വേതനവും പോലുള്ള മാക്രോണിന്‍റെ നിർദേശങ്ങൾ അന്നഗ്രെറ്റ് നിരാകരിച്ചിരുന്നു.

പരിഷ്കരണത്തിൽ ഷെങ്ൺ വീസയും അതിർത്തി നിയന്ത്രണവും പരിശോധനയും ഒക്കെ ചേർത്തു പുതിയ ഉടന്പടിയുണ്ടാക്കുമെന്ന പ്രതീതിയിലാണ് നേതാക്കളുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ ഇയുവിലെ 28 അംഗ രാജ്യങ്ങളുടെ പൂർണ സമ്മതം വാങ്ങിയെങ്കിൽ മാത്രമേ നടപ്പിലാക്കാനാവു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ