യുക്മ ദേശീയ ഭരണസമിതിയുടെ ആദ്യയോഗം ബര്‍മിംഗ്ഹാമില്‍

07:50 PM Mar 19, 2019 | Deepika.com
ബർമിംഗ്ഹാം: യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) ഭരണസമിതിയുടെ ആദ്യയോഗം മാര്‍ച്ച് 30ന് ബര്‍മിംഗ്ഹാമില്‍ ചേരും.

മാര്‍ച്ച് നു നടന്ന തെരഞ്ഞെടുപ്പില്‍ വിജയികളായ ദേശീയ ഭാരവാഹികള്‍, വിവിധ റീജണുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, റീജണല്‍ പ്രസിഡന്‍റുമാര്‍ എന്നിവരായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.

നാളിതുവരെയുള്ള യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി വന്നിട്ടുള്ള യുകെയിലെ മലയാളി സമൂഹത്തിന്‍റെ പിന്തുണ പുതിയ ഭരണസമിതികും ഉണ്ടാവണമെന്ന് ദേശീയ പ്രസിഡന്‍റ് മനോജ്കുമാര്‍ പിള്ള അഭ്യര്‍ഥിച്ചു. മുന്‍ ഭരണസമിതികള്‍ ചെയ്തിട്ടുള്ളതുപോലെ യു.കെയിലെ മലയാളി സമൂഹത്തില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് അവ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുക്കുന്നതിന് അനുസരിച്ചായിരിക്കും പുതിയ ഭരണസമിതിയും പ്രവര്‍ത്തനനയം രൂപീകരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി മാര്‍ച്ച് 24 ന് (ഞായർ) വൈകിട്ട് വരെ ആളുകള്‍ അയയ്ക്കുന്ന അഭിപ്രായങ്ങള്‍ വിലയിരുത്തിയ ശേഷം കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. ജനറല്‍ സെക്രട്ടറിയുടെ പേരിലുള്ള secretary.ukma@gmail.com എന്ന ഇ-മെയിലാണ് ഇവ അയയ്ക്കേണ്ടത്.

യുക്മയുടെ കഴിഞ്ഞ ഭരണസമിതി നടത്തിയിട്ടുള്ള പരിപാടികള്‍ പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അതോടൊപ്പം യുക്മയില്‍ നിന്നും നടപ്പിലാക്കണമെന്ന് പ്രതീക്ഷിക്കുന്ന നവീനങ്ങളായ ആശയങ്ങളും എഴുതി അറിയിക്കാവുന്നതാണ്. ജനങ്ങളില്‍ നിന്നുള്ള അഭിപ്രായം സ്വരൂപിച്ച് അതിനെ അടിസ്ഥാനമാക്കി കര്‍മപരിപാടികള്‍ ആവിഷ്കരിക്കുന്ന ഒരു ജനകീയ ഭരണസമിതിയാവും പ്രവര്‍ത്തനക്ഷമമാവുന്നതെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലഘട്ടത്തിലെ വീറും വാശിയുമൊക്കെ നാളെകളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കുന്നതിന് എല്ലാവരും സജീവമായി പ്രവര്‍ത്തനരംഗത്ത് ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വിവരങ്ങൾക്ക് : മനോജ് കുമാർ പിള്ള (പ്രസിഡന്‍റ്) - 07960357679, അലക്സ് വർഗീസ് (സെക്രട്ടറി) 07985641921, അനീഷ് ജോൺ (ട്രഷറർ) - 07916123248.

റിപ്പോർട്ട്: അലക്സ് വർഗീസ്